India
ഉറങ്ങിയതല്ല; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് അപകടകാരണം വെളിപ്പെടുത്തി പന്ത്

ഋഷഭ് പന്ത് ചികിത്സയിലുള്ള ഡെറാഡൂണിലെ ആശുപത്രിയില്‍ കുടുംബത്തിനൊപ്പം പുഷ്ക്കര്‍ സിങ് ധാമി

India

'ഉറങ്ങിയതല്ല'; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് അപകടകാരണം വെളിപ്പെടുത്തി പന്ത്

Web Desk
|
1 Jan 2023 3:20 PM GMT

അമിതവേഗത, മദ്യലഹരി തുടങ്ങിയ ആരോപണങ്ങൾ നേരത്തെ ഉത്തരാഖണ്ഡ് പൊലീസ് നിഷേധിച്ചിരുന്നു

ഡെറാഡൂൺ: ഇതാദ്യമായി കാറപകട കാരണം വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌ക്കർ സിങ് ധാമിയോടാണ് താരം മനസ് തുറന്നത്. പൊലീസ് വിശദീകരണമടക്കം തള്ളുന്നതാണ് പന്തിന്റെ വെളിപ്പെടുത്തൽ.

ഡൽഹി-ഡെറാഡൂൺ ദേശീയപാതയിൽ അപകടസ്ഥലത്തുണ്ടായിരുന്ന ഗർത്തമാണ് അപകടത്തിനിടയാക്കിയതെന്നാണ് താരം വെളിപ്പെടുത്തിയത്. ഗര്‍ത്തം ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് വിശദീകരണം. ഡ്രൈവിങ്ങിനിടെ പന്ത് ഉറങ്ങിപ്പോയതാകും അപകടത്തിനിടയാക്കിയതെന്നാണ് പൊലീസ് വിശദീകരിച്ചിരുന്നത്. അമിതവേഗമാണ് അപകടകാരണമെന്ന് നാട്ടുകാരിൽ ചിലരും ആരോപിച്ചിരുന്നു.

അപകടത്തിലുണ്ടായ പരിക്കുകൾ കാരണം പന്ത് ശരീരമാസകലം വേദന അനുഭവിക്കുന്നുണ്ടെന്നും ധാമി പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ വേദനയ്ക്കു കുറവുണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അപകടത്തിനുശേഷം നിരവധി പേർ തന്നെ സഹായിച്ചതായി താരം പറഞ്ഞു. ചികിത്സ മാക്‌സ് ആശുപത്രിയിൽ തന്നെ തുടരുമെന്നും പുഷ്‌കർ സിങ് ധാമി അറിയിച്ചു.

പന്ത് കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയിരുന്നു. ചികിത്സ തുടരുന്ന ഡെറാഡൂൺ മാക്സ് ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ. മുഖത്തും ശരീരത്തിന്റെ പുറംഭാഗത്തുമുണ്ടായ മുറിവുകളും പോറലുകളും പരിഹരിക്കാനാണ് പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയത്.

അപകടത്തിൽ താരത്തിന്റെ നെറ്റിയിൽ രണ്ട് മുറിവുകളുണ്ടായിരുന്നു. ഇതോടൊപ്പം വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നീ ഇടങ്ങളിലും പരിക്കുണ്ട്. ലിഗ്മെന്റ് പരിക്കും ഡോക്ടർമാർ വിലയിരുത്തുന്നുണ്ട്.

പന്തിന്റെ ആരോഗ്യനിലയിൽ തൃപ്തി അറിയിച്ച് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിട്ടുണ്ട്. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ നർസനിൽ വെള്ളിയാഴ്ച പുലർച്ചെ 5.30നായിരുന്നു അപകടം. പന്ത് സഞ്ചരിച്ച കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ തീ ആളിപ്പടർന്ന് കാർ കത്തിനശിക്കുകയും ചെയ്തു. അപകടത്തിനു പിന്നാലെ ഇവിടെയെത്തിയ ബസ് ഡ്രൈവറും നാട്ടുകാരും ചേർന്നാണ് താരത്തെ കാറിൽനിന്ന് പുറത്തിറങ്ങാൻ സഹായിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തത്.

Summary: Rishabh Pant reveals real reason behind his accident to Uttarakhand Chief Minister Pushkar Singh Dhabi

Similar Posts