ബിഹാറിലെ മഹാസഖ്യ സര്‍ക്കാര്‍: നിര്‍ണായക വകുപ്പുകള്‍ ആര്‍.ജെ.ഡിക്ക് ലഭിച്ചേക്കും
|ആർജെഡിക്ക് 16 മന്ത്രിമാർ ഉണ്ടാകും
ബിഹാറിൽ മഹാസഖ്യ സർക്കാരിന്‍റെ മന്ത്രിസഭാ വിപുലീകരണ ചർച്ചകൾ അവസാന ഘട്ടത്തിൽ. 35 അംഗ മന്ത്രിസഭയിൽ നിർണായക വകുപ്പുകൾ ആർ.ജെ.ഡിക്ക് നൽകാനാണ് സാധ്യത. ആർ.ജെ.ഡി മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനം ലാലു പ്രസാദ് യാദവിന്റേതായിരിക്കും .
മഹാഗഡ്ബന്ധനിലെ പ്രധാന ഘടക കക്ഷികൾക്കെല്ലാം മന്ത്രിസഭയിൽ പ്രാതിനിത്യം നൽകാനാണ് പൊതുവിൽ ഉണ്ടായിട്ടുള്ള ധാരണ. നിയമസഭയിൽ ഏറ്റവും അധികം എംഎൽഎമാരുള്ള ആർജെഡിക്ക് 16 മന്ത്രിമാർ ഉണ്ടാകും. ജെഡിയുവിൽ നിന്ന് 13 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിന് 4 മന്ത്രി സ്ഥാനവും, സിപിഐ എംഎൽ, എച്ച്എഎം എന്നിവർക്ക് ഒരോ മന്ത്രി സ്ഥാനവും ലഭിക്കും. ആർജെഡിക്കാണ് സ്പീക്കർ സ്ഥാനം. ആഭ്യന്തരം, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങിയ പ്രധാന വകുപ്പുകൾക്ക് ആർജെഡി അവകാശവാദം ഉന്നയിച്ചു. അതേസമയം ആഭ്യന്തരം വിട്ടുകൊടുക്കാൻ നിതീഷ് കുമാറിന് താല്പര്യമില്ല.
ജെഡിയുവിൽ നിന്ന് നിലവിലെ ഒട്ടുമിക്ക മന്ത്രിമാരും തുടരും എന്നാണ് റിപ്പോർട്ടുകൾ. ആരാകണം മന്ത്രിമാർ എന്ന കാര്യത്തിൽ കോൺഗ്രസ് ബിഹാർ നേതൃത്വം ഹൈക്കമാൻഡുമായി ചർച്ചകൾ ആരംഭിച്ചു. 164 എംഎൽഎമാരുടെ പിന്തുണയാണ് മഹാഗഡ്ബന്ധൻ സംഖ്യത്തിനുള്ളത്.