'യേ ക്യാ ഹെ?'; പാർലമെന്റ് മന്ദിരത്തിന്റെയും ശവപ്പെട്ടിയുടെയും ചിത്രം പങ്കുവെച്ച് ആർ.ജെ.ഡി
|ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്.
പട്‌ന: പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും ശവപ്പെട്ടിയുടെയും ചിത്രം പങ്കുവെച്ച് രാഷ്ട്രീയ ജനതാ ദൾ (ആർ.ജെ.ഡി). യേ ക്യാ ഹെ (ഇതെന്താണ്?) എന്ന ക്യാപ്ഷനോടെയാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ആർ.ജെ.ഡിയുടെ പരിഹാസം.
ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതൻമാരുടെ നേതൃത്വത്തിൽ നടന്ന പൂജയോടെയായിരുന്നു ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. തമിഴ്‌നാട്ടിൽനിന്ന് കൊണ്ടുവന്ന ചെങ്കോൽ പ്രധാനമന്ത്രി ഏറ്റുവാങ്ങി സ്പീക്കറുടെ കസേരക്ക് പിന്നിൽ സ്ഥാപിച്ചു.
രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് എന്നാവശ്യപ്പെട്ട് 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു. ഇന്ന് ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുപോൽ പറഞ്ഞു.
ये क्या है? pic.twitter.com/9NF9iSqh4L
— Rashtriya Janata Dal (@RJDforIndia) May 28, 2023