പട്ടാപ്പകല്‍ ബാങ്ക് ജീവനക്കാരെ ടോയ്ലറ്റില് പൂട്ടിയിട്ട് 32 കിലോ സ്വര്‍ണം കവര്‍ന്നു
|ഇരുചക്ര വാഹനങ്ങളിലെത്തിയ മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്
ചെന്നൈ : ചെന്നൈയില്‍ പട്ടാപ്പകൽ ആയുധധാരികളുടെ സംഘം ബാങ്കിൽ നിന്ന് കോടികളുടെ പണവും സ്വർണവും കൊള്ളയടിച്ച് രക്ഷപ്പെട്ടു. അരുമ്പാക്കം നുറടി റോഡിലെ ഫെഡറൽ ബാങ്കിന്റെ സ്വർണം പണയം വെയ്ക്കുന്ന 'ഫെഡ് ബാങ്ക്' വിഭാഗത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം നാടകീയ സംഭവങ്ങളുണ്ടായത്.
ഇരുചക്ര വാഹനങ്ങളിലെത്തിയ മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്. തോക്കും കത്തികളും കാട്ടി ബാങ്ക് ജീവനക്കാരെ ബന്ദികളാക്കുകയായിരുന്നു. ജീവനക്കാരെ ടോയ്ലറ്റില് അടച്ച ശേഷമായിരുന്നു മോഷണം. 32 കിലോ സ്വര്‍ണവും കോടിക്കണക്കിന് രൂപയുമായാണ് കൊള്ളസംഘം രക്ഷപ്പെട്ടത്.
ബാങ്കിലെ ഒരു ജീവനക്കാരന് കൊള്ളയില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൊത്തം 20 കോടിയോളം രൂപയുടെ സ്വർണവും പണവും നഷ്ടപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. പ്രതികളെ പിടികൂടുന്നതിന് നാല് പ്രത്യേക പൊലീസ് ടീമുകളെ നിയോഗിച്ചു.
സിറ്റി നോർത്ത് അഡിഷനൽ കമീഷണർ അൻപു, ഡെപ്യൂട്ടി കമീഷണർ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബാങ്കില്‍ പരിശോധന നടത്തി. പൊലീസ് നായയെ കൊണ്ടുവന്നും തെളിവെടുപ്പ് നടത്തി. ബാങ്കിലും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.