എസ്.ബി.ഐയില്‍ കവര്‍ച്ച; ബാങ്ക് ജീവനക്കാരനെ മോഷ്ടാക്കള്‍ വെടിവെച്ചുകൊന്നു
|അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞു
മുംബൈയില്‍ ബാങ്കിലെ കവര്‍ച്ചക്കിടെ ജീവനക്കാരനെ വെടിവെച്ചുകൊന്നു. എസ്.ബി.ഐയുടെ ദഹിസര്‍ ബ്രാഞ്ചിലാണ് സംഭവം. അക്രമത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞു. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.
ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. രണ്ട് പേരാണ് ബാങ്ക് കൊള്ളയടിക്കാനെത്തിയത്. ഈ സമയത്ത് ബാങ്കിന് പുറത്തുനില്‍ക്കുയായിരുന്നു സന്ദേശ് ഗോമര്‍ എന്ന ജീവനക്കാരന്‍. ടവ്വല്‍ കൊണ്ടു മുഖം മറച്ച രണ്ടുപേര്‍ ബാങ്കിലേക്ക് പ്രവേശിക്കുന്നതുകണ്ട് സംശയം തോന്നിയ സന്ദേശ് അവരെ തടഞ്ഞുനിര്‍ത്തി. ഉടന്‍ തന്നെ മോഷ്ടാക്കളില്‍ ഒരാള്‍ തോക്കെടുത്ത് സന്ദേശിന്‍റെ നെഞ്ചിനു നേരെ വെടിയുതിര്‍ത്തു. എസ്.ബി.ഐയിലെ ഔട്ട്‌സോഴ്‌സ് ജീവനക്കാരനായിരുന്നു 25കാരനായ സന്ദേശ് ഗോമര്‍. അദ്ദേഹം സംഭവസ്ഥലത്തു തന്നെ മരിച്ചു.
വെടിയുതിര്‍കത്ത ശേഷം രണ്ട് മിനിറ്റ് മാത്രമാണ് കവര്‍ച്ചക്കാര്‍ ബാങ്കിനുള്ളില്‍ നിന്നത്. മറ്റു ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കയ്യില്‍ കിട്ടിയ പണവുമെടുത്ത് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചെങ്കിലും പൊലീസ് എത്തു മുന്‍പേ അക്രമികള്‍ രക്ഷപ്പെട്ടു. സന്ദേശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ബാങ്കിനുള്ളിൽ മുഖംമൂടി ധരിച്ച രണ്ട് പേരെത്തുന്നതും അതിലൊരാള്‍ തോക്ക് ചൂണ്ടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എട്ട് ഉദ്യോഗസ്ഥരാണ് അപ്പോള്‍ ഓഫീസിലുണ്ടായിരുന്നത്. വലിയ ആള്‍ത്തിരക്കില്ലാത്ത പ്രദേശത്തെ ബാങ്കാണ് കൊള്ളയടിക്കപ്പെട്ടത്. ദൃക്സാക്ഷികള്‍ നല്‍കിയ വിവരമനുസരിച്ച് 20നും 25നും ഇടയിലാണ് കവര്‍ച്ചക്കാരുടെ പ്രായം. അവര്‍ ദഹിസര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തേക്കാണ് പോയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കവര്‍ച്ചക്കാരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.