India
Rohini Acharya against cbi questioning Lalu

Rohini Acharya

India

'അച്ഛന് എന്തെങ്കിലും പറ്റിയാൽ ഒരുത്തനെയും വെറുതെവിടില്ല'; മുന്നറിയിപ്പുമായി ലാലുവിന്റെ മകൾ

Web Desk
|
7 March 2023 9:36 AM GMT

കിഡ്‌നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി മകളുടെ വസതിയിൽ വിശ്രമിക്കുന്ന ലാലുവിനെ ഇന്ന് സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.

ന്യൂഡൽഹി: രോഗിയായ പിതാവിനെ കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിരന്തരം വേട്ടയാടുകയാണെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ. കിഡ്‌നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ലാലുവിന് കിഡ്‌നി നൽകിയത് രോഹിണിയാണ്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ഇന്ന് ലാലുവിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മകളുടെ പ്രതികരണം.

ഇപ്പോൾ പിതാവിനെ ശല്യം ചെയ്യുന്ന രീതി ശരിയല്ല. ഇതെല്ലാം ഓർമിക്കപ്പെടും. സമയം വളരെ ശക്തിയുള്ളതാണ്. ഡൽഹിയെ പിടിച്ചുകുലുക്കാൻ ഇപ്പോഴും അദ്ദേഹത്തിന് ശേഷിയുണ്ട്. സഹിഷ്ണുതയുടെ പരിധിയാണ് ഇപ്പോൾ പരീക്ഷിക്കപ്പെടുന്നത്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഒരുത്തനെയും വെറുതെവിടില്ല-രോഹിണി ട്വീറ്റ് ചെയ്തു.

ഡിസംബറിൽ സിംഗപ്പൂരിൽവെച്ചാണ് ലാലു കിഡ്‌നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായത്. ഇതിന് ശേഷം ഡൽഹിയിൽ മകളും എം.പിയുമായ മിസ ഭാരതിയുടെ വസതിയിലാണ് ലാലു താമസിക്കുന്നത്.

കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന സമയത്ത് റെയിൽവേയിൽ ജോലി നൽകാൻ ഭൂമി കോഴയായി വാങ്ങിയെന്നാണ് സി.ബി.ഐ കേസ്. 2022 മേയിലാണ് ഇത് സംബന്ധിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ലാലുവിന്റെ ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മക്കളായ മിസ, ഹേമ എന്നിവരാണ് കേസിലെ പ്രതികൾ. ഭൂമി നൽകിയ ജോലി വാങ്ങിയ 12 പേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ തങ്ങളെ വേട്ടയാടുകയാണെന്ന് റാബ്രി ദേവി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ''ഞങ്ങൾ എങ്ങോട്ടും ഓടിപ്പോവില്ല. കഴിഞ്ഞ 30 വർഷമായി ഈ ആരോപണങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ബിഹാറിൽ ലാലുവിനെ ബി.ജെ.പിക്ക് ഭയമാണ്'' റാബ്രി ദേവി പറഞ്ഞു.

Similar Posts