ബിജെപി പ്രവർത്തകർ ഇവിഎം സ്ട്രോങ്റൂം തകർക്കാൻ ശ്രമിച്ചു; രോഹിത് പവാർ
|നിലവിൽ കർജാത് ജാംഖേദ് മണ്ഡലത്തിലെ എംഎൽഎ ആണ് രോഹിത് പവാർ
പുനെ: മഹാരാഷ്ട്ര തെരഞ്ഞടുപ്പിൽ കർജാത് ജാംഖേദ് മണ്ഡലത്തിലെ ഇവിഎമ്മുകൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്റൂം തകർക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചതായി എൻസിപി നേതാവ് രോഹിത് പവാർ ആരോപിച്ചു. അഹല്യനഗര്‍ ജില്ലയിലെ കർജാത് ജാംഖേദ് മണ്ഡലത്തില്‍ ബിജെപി നേതാവും മുന്‍ മന്ത്രിയുായ രാം ഷിന്‍ഡെക്കെതിരെയാണ് എന്‍സിപി നേതാവ് രോഹിത് പവാര്‍ മത്സരിക്കുന്നത്. മണ്ഡലത്തിലെ നിലവിലെ എംഎൽഎ ആണ് രോഹിത് പവാർ.
'കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ അഹല്യനഗറിലെ കർജത് ജാംഖേദ് മണ്ഡലത്തിലെ ഇവിഎമ്മുകൾ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന സ്ട്രോങ്റൂമിലേക്ക് 25 മുതൽ 30 വരെ ബിജെപി പ്രവർത്തകർ ബലമായി കയറാൻ ശ്രമിച്ചു. എന്നാൽ സിആർപിഎഫ് ഉദ്യോഗസ്ഥരും എൻ്റെ പാർട്ടി പ്രവർത്തകരും ചേർന്ന് നുഴഞ്ഞുകയറ്റം തടയുകയും സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ചെയ്തു. അവരെ ഞാൻ അഭിനന്ദിക്കുന്നു' എന്ന് രോഹിത് പവാർ എക്സിൽ കുറിച്ചു.
ഈ സംഭവം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചറിയണമെന്നും ബിജെപി പ്രവർത്തകരുടെ ഈ ശ്രമം അവരുടെ തോൽവിയുടെ ഭയത്തിൽ നിന്ന് ഉടലെടുത്ത ഗുണ്ടായിസത്തിൻ്റെ ഉദാഹരണമാണ് എന്നും രോഹിത് പവാർ പറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ കർജാത്ത് ജാംഖേദിലെ ഘടകകക്ഷികൾ ജനാധിപത്യത്തിലൂടെ ഈ ഗുണ്ടായിസത്തെ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ലോക്കൽ പൊലീസിന്റെ പങ്ക് ഇസിഐ നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര തെരഞ്ഞടുപ്പ് ഫലം അവസനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ മുന്‍ മന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ രാം ഷിന്‍ഡെക്കെതിരെ 1243 വോട്ടുകൾക്ക് എന്‍സിപി നേതാവ് രോഹിത് പവാര്‍ വിജയിച്ചു