India
സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയിട്ടുണ്ട്: കോണ്‍ഗ്രസിനെ വെട്ടിലാക്കി രാജസ്ഥാനിലെ പാര്‍ട്ടി അധ്യക്ഷന്‍
India

'സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയിട്ടുണ്ട്': കോണ്‍ഗ്രസിനെ വെട്ടിലാക്കി രാജസ്ഥാനിലെ പാര്‍ട്ടി അധ്യക്ഷന്‍

Web Desk
|
11 Aug 2021 10:36 AM GMT

സവർക്കറെക്കുറിച്ചുള്ള സത്യം ഒടുവിൽ കോൺഗ്രസ് നേതാക്കൾ അംഗീകരിച്ചെന്ന് ബിജെപി

കോണ്‍ഗ്രസിനെ വെട്ടിലാക്കി രാജസ്ഥാനിലെ പാര്‍ട്ടി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊതസാര. ഹിന്ദുമഹാസഭ നേതാവായിരുന്ന സവർക്കർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും മാതൃരാജ്യത്തിനായി ജയിലിൽ പോകുകയും ചെയ്തിട്ടുണ്ടെന്നാണ് ഗോവിന്ദ് സിംഗ് ദൊതസാര പറഞ്ഞത്. സവർക്കറെ സ്വാതന്ത്ര്യസമര സേനാനിയായി അംഗീകരിച്ച ദൊതസാരയുടെ നിലപാട് കോണ്‍ഗ്രസ് നിലപാടിനെതിരാണ്.

ആഗസ്റ്റ് ക്രാന്തി ദിവസിനോടനുബന്ധിച്ച് ജയ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ദൊതസാര- "സ്വാതന്ത്ര്യസമരത്തിൽ സവർക്കർ ഒരു പങ്കും വഹിച്ചിട്ടില്ലെന്ന് പറയാനാവില്ല. അദ്ദേഹം ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ ആ സമയത്ത് അത് തെറ്റായിരുന്നില്ല, കാരണം നമ്മുടെ രാജ്യം സ്വതന്ത്രമായിരുന്നില്ല. നമ്മുടെ ഭരണഘടന രൂപീകരിക്കപ്പെട്ടിരുന്നില്ല".

ദൊതസാരയുടെ പരാമർശങ്ങൾ വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കി. പരാമര്‍ശം ബിജെപി കോണ്‍ഗ്രസിനെതിരെ ആയുധമാക്കി. സവർക്കറെക്കുറിച്ചുള്ള സത്യം ഒടുവിൽ ദൊതസാരയെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ അംഗീകരിച്ചെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ അശോക് പർണാമി ദൊതസാരയുടെ പരാമര്‍ശം സ്വാഗതം ചെയ്തു- "ഒടുവിൽ ദൊതസാരയുടെ നാവിൽ നിന്ന് സത്യം പുറത്തുവന്നു. രാജ്യത്തെ മോചിപ്പിക്കുന്നതിൽ വീർ സവർക്കര്‍ സുപ്രധാന പങ്കുവഹിച്ചു. ഇത്തരം സത്യങ്ങള്‍ അധികനാൾ നിഷേധിക്കാനാവില്ല"

സവർക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് ഒപ്പമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ഇക്കാലമത്രയും പറഞ്ഞുകൊണ്ടിരുന്നത്. പറഞ്ഞത് വിവാദമായതോടെ, തന്‍റെ പരാമർശങ്ങൾ ബിജെപി രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വളച്ചൊടിച്ചെന്ന് ദൊതസാര കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രത്യയശാസ്ത്രം മുറുകെപ്പിടിച്ചവരാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത്. സവർക്കറിനെക്കുറിച്ചുള്ള കോൺഗ്രസിന്റെ വീക്ഷണത്തിന് എതിരായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ദൊതസാര അവകാശപ്പെട്ടു. ചരിത്ര പുസ്തകങ്ങള്‍ വായിച്ചാൽ സവര്‍ക്കര്‍ ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് സംസാരിച്ചതായി കാണാം. അത് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പായിരുന്നു. അന്നത് തെറ്റായിരുന്നില്ല. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ബിജെപിയും ആർഎസ്എസും സവർക്കറുടെ ആശയങ്ങളെ ഭിന്നിപ്പുണ്ടാക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും ഉപയോഗിച്ചു. തങ്ങളതിന് എതിരാണെന്നും ദൊതസാര വിശദീകരിച്ചു.

Similar Posts