India
BJP leader Tathagata Roy has suggested that under the Citizenship Amendment Act, a circumcision test should be conducted to determine the religion of a man seeking citizenship.
India

'പൗരത്വം കൊടുക്കാൻ പരിച്ഛേദനാ പരിശോധന നടത്തണം'; വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ്, വിമർശനം

Web Desk
|
19 March 2024 4:37 PM GMT

വിവാദ പ്രസ്താവനയുടെ പേരിൽ മുൻ ബംഗാൾ ബിജെപി മേധാവി വലിയ വിമർശനം നേരിടുകയാണ്

കൊൽക്കത്ത: കഴിഞ്ഞയാഴ്ച നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം പൗരത്വം തേടുന്ന പുരുഷന്റെ മതം നിർണയിക്കാൻ പരിച്ഛേദനാ പരിശോധന നടത്തണമെന്ന വിവാദ നിർദേശവുമായി പശ്ചിമ ബംഗാളിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവ് തഥാഗത റോയ്. എക്‌സിലാണ് (ട്വിറ്റർ) റോയ് വിവാദ നിർദേശം പങ്കുവെച്ചത്. 'ഒരു പുരുഷൻ പരിച്ഛേദന ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നത് വലിയ കാര്യമാണ്! പൗരത്വം നൽകുന്നതിൽ നിന്ന് മുസ്‌ലിംകളെ സിഎഎ പൂർണമായും ഒഴിവാക്കുന്നു. അതിനാൽ, സംശയമുണ്ടെങ്കിൽ, ഈ പരിശോധന തികച്ചും ശരിയാണ്' മുമ്പ് മേഘാലയ ഗവർണറും പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റുമായി സേവനമനുഷ്ഠിച്ച റോയ്. എക്‌സിൽ എഴുതി.

'വളരെ വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ എൻജിനീയറിംഗ് കോളേജുകളിൽ പ്രവേശനം നേടുമ്പോൾ എല്ലാ പുരുഷന്മാരും ഒരു മെഡിക്കൽ ടെസ്റ്റിന് വിധേയരായിരുന്നു, പുരുഷ ഡോക്ടറുടെ മുമ്പാകെയുള്ള ദേഹപരിശോധനയടക്കം ഇതിലുണ്ടായിരുന്നു. പരിച്ഛേദനം ചെയ്തിട്ടുണ്ടോ എന്നറിയാനായിരുന്നില്ലിത്, ആർക്കെങ്കിലും ഹൈഡ്രോസെൽ (വൃഷ്ണ മുഴ) ഉണ്ടോ എന്ന് അറിയാനായിരുന്നു. ആരും അതിനെ എതിർത്തിട്ടില്ല! ഇപ്പോൾ എന്തുകൊണ്ട് എതിർക്കുന്നു' തന്റെ വാദത്തെ സാധൂകരിക്കാൻ ബിജെപി നേതാവ് എഴുതി.

അതേസമയം, വിവാദ പ്രസ്താവനയുടെ പേരിൽ മുൻ ബംഗാൾ ബിജെപി മേധാവി വലിയ വിമർശനം നേരിടുകയാണ്. അതിനിടെയും അദ്ദേഹം തന്റെ മുൻവാദത്തിൽ ഉറച്ചുനിൽക്കുന്നതായാണ് പറയുന്നത്. പൗരത്വം നൽകാനുള്ള നിയമത്തിൽ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കിയ സാഹചര്യത്തിലാണ് താൻ ഈ നിർദ്ദേശം നൽകിയതെന്നാണ് അദ്ദേഹം പറയുന്നത്.

'പുരുഷനായ ഒരാളുടെ മതം സംശയാസ്പദമായിരിക്കുമ്പോൾ അയാൾ പരിച്ഛേദന ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാൻ ഞാൻ നിർദേശിച്ചിരുന്നു. കാരണം മുസ്‌ലിംകൾ സിഎഎയിൽ നിന്ന് പൂർണമായും ഒഴിവാക്കപ്പെട്ടവരാണ്. ഞാൻ പോസ്റ്റ് ചെയ്തതിൽ ഉറച്ചുനിൽക്കുന്നു. ഇതുമൂലമുണ്ടായ പ്രതിഷേധം (കൂടുതലും മുസ്‌ലിംകളിൽ നിന്ന്) രണ്ട് കാര്യങ്ങളാണ് വ്യക്തമാക്കുന്നത്. ഒന്നുകിൽ ഒരുപാട് മുസ്ലിംകൾ തങ്ങളുടെ ഐഡന്റിറ്റി വ്യാജമാക്കി അമുസ്ലിംകളായി കടന്നുകൂടാൻ ആഗ്രഹിക്കുന്നു, ഇപ്പോൾ അവരുടെ കബളിപ്പിക്കൽ പുറത്തുവരുമെന്ന് ഭയപ്പെടുന്നു' റോയ് എക്സിൽ എഴുതി. പീഡനത്തെത്തുടർന്ന് ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത ആളുകളെ കുറിച്ച് തൃണമൂൽ കോൺഗ്രസ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും റോയ് ആരോപിച്ചു.

അതേസമയം, മുൻ റോയിയുടെ പരാമർശത്തെ അസഭ്യമെന്നാണ് തൃണമൂൽ കോൺഗ്രസ് വിമർശിച്ചത്. സിഎഎ തെരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്നു ആളുകളെ ഉപദ്രവിക്കാൻ നടപ്പിലാക്കിയതാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി ആരോപിച്ചിരുന്നു. തന്റെ സർക്കാർ ഇത് നടപ്പാക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

2019 ഡിസംബറിലാണ് കേന്ദ്രസർക്കാർ സിഎഎ പാർലമെന്റിൽ പാസാക്കിയത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ മതപരമായ വിവേചനം നേരിടുന്ന ഹിന്ദു, സിഖ്, ജൈന, പാർസി, ബുദ്ധ, ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പൗരത്വ നിയമ ഭേദഗതി. ഇതിനായി 1955ലെ ഇന്ത്യൻ പൗരത്വനിയമമാണ് ഭേദഗതി ചെയ്തത്. 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയവർക്കാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. നിയമത്തിന്റെ പരിധിയിൽനിന്ന് മുസ്‌ലിംകളെ ഒഴിവാക്കിയതാണ് വിവാദത്തിന് കാരണമായത്.

Similar Posts