'ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും വോട്ട് ചെയ്യണം'; ട്രെയിനിലെ വെടിവയ്‍പ്പിനുശേഷം കോൺസ്റ്റബിൾ
|ചേതൻ സിങ് ക്ഷിപ്രകോപിയാണെന്നും ഇയാൾക്കു മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും വെസ്റ്റേൺ റെയിൽവേ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മിഷണര്‍ പി.സി സിൻഹ മാധ്യമങ്ങളോട് പറഞ്ഞു
മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ മേലുദ്യോഗസ്ഥനെയും മുസ്‍ലിം യാത്രക്കാരെയും വെടിവച്ചുകൊന്ന ശേഷം പ്രതി നരേന്ദ്ര മോദിയെയും യോഗി ആദിത്യനാഥിനെയും പിന്തുണച്ചു സംസാരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിൽ ജീവിക്കണമെങ്കിൽ നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനും വോട്ട് ചെയ്യണമെന്ന് കൃത്യം ചെയ്ത ശേഷം റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്‌സ്(ആർ.പി.എഫ്) കോൺസ്റ്റബിള്‍ ചേതൻ സിങ് യാത്രക്കാർക്കു മുന്നറിയിപ്പ് നൽകിയതായി 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു. ഇന്ന് ജയ്പൂർ-മുംബൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ഇന്നു പുലർച്ചെ അഞ്ചോടെ മഹാരാഷ്ട്രയിലെ പാൽഗഢ് റെയിൽവേ സ്റ്റേഷനു സമീപത്താണ് സംഭവം. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ ടിക്കാറാം മീണ(57)യെയാണ് ആദ്യം ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് ചേതൻ സിങ് വെടിവച്ചതെന്ന് ഗവൺമെന്റ് റെയിൽവേ പൊലീസ്(ജി.ആർ.പി) അറിയിച്ചു. പിന്നാലെ ബോഗിയിലുണ്ടായിരുന്ന അസ്ഗർ അബ്ബാസ് അലി, അബ്ദുൽ ഖാദർ, മുഹമ്മദ് ഹുസൈൻ എന്നീ യാത്രക്കാർക്കുനേരെയും നിറയൊഴിച്ചു. തോക്കിൽനിന്ന് 12 റൗണ്ട് വെടിയുതിർത്തെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.
വാപി റെയിൽവേ സ്റ്റേഷനിൽനിന്ന് വിട്ട സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് വൈതർണ സ്റ്റേഷനോട് അടുക്കുമ്പോഴായിരുന്നു ഞെട്ടിക്കുന്ന സംഭവം. വെടിയേറ്റ യാത്രക്കാര്‍ ട്രെയിനിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹിന്ദുസ്ഥാനിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും വോട്ട് ചെയ്‌തോളണമെന്ന് മൃതദേഹങ്ങൾക്ക് അരികിൽനിന്ന് ചേതൻ സിങ് വിളിച്ചുപറയുന്നത് വിഡിയോയിൽ കേള്‍ക്കാം.
വെടിവയ്പ്പിനുശേഷം പ്രതി ചേതൻ സിങ് രക്ഷപ്പെടാൻ ശ്രമിച്ചു. മിറ റോഡ് റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ നിർത്തിയതിനു പിന്നാലെ ഓടിരക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാൽ, ആർ.പി.എഫും ജി.ആർ.പിയും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. കൊലപാതകത്തിനു കാരണം വ്യക്തമല്ലെന്നും ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും ജി.ആർ.പി കമ്മിഷണർ രവീന്ദ്ര ഷിസ്‌വെ പ്രതികരിച്ചു. ചേതൻ സിങ് ക്ഷിപ്രകോപിയാണെന്നും ഇയാൾക്കു മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും വെസ്റ്റേൺ റെയിൽവേയിലെ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മിഷണറും ഇൻസ്‌പെക്ടർ ജനറലുമായ പി.സി സിൻഹ മാധ്യമങ്ങളോട് പറഞ്ഞു. അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് സംഭവമെന്നും സിൻഹ പറഞ്ഞു.
ടിക്കാറാം മീണയ്ക്കുനേരെ നാലു തവണ വെടിയുതിർത്തെന്ന് വെസ്‌റ്റേൺ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന് ഒരു മണിക്കൂർ മുൻപ് ചേതൻ സിങ് അസ്വസ്ഥത പ്രകടിപ്പിച്ചെന്നും തുടർന്ന് മീണ കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 12 വർഷമായി ആർ.പി.എഫിൽ ഉദ്യോഗസ്ഥനാണ് ചേതൻ സിങ്. ഉത്തർപ്രദേശിലെ ഹാത്രസ് സ്വദേശിയാണ്. നേരത്തെ മധ്യപ്രദേശിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇയാൾ മുംബൈയിലേക്ക് ട്രാൻസ്ഫർ ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
Summary: A Railway Protection Force (RPF) constable fired 12 rounds from his automatic service rifle, first killing his senior and then three passengers on board the Jaipur-Mumbai Central Superfast Express