46 ലക്ഷത്തിന്‍റെ സ്വര്‍ണാഭരണങ്ങള്‍, 20 ലക്ഷം രൂപ; മുന്‍ ആരോഗ്യവകുപ്പ് ജീവനക്കാരന്‍റെ ആസ്തി 10 കോടി, ഞെട്ടി ലോകായുക്ത
|അലിയുടെയും ഭാര്യയുടെയും മകന്‍റെയും മകളുടെയും പേരിലുള്ള 1.25 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളുടെ 16 രേഖകളും ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിൽ കണ്ടെത്തി
ഭോപ്പാല്‍: ഭോപ്പാലില്‍ ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ച ജീവനക്കാരന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത വസ്തുക്കള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകായുക്ത. പ്രതിമാസം 45,000 രൂപ ശമ്പളം വാങ്ങിയിരുന്ന ഇയാള്‍ക്ക് നിലവില്‍ 10 കോടിയുടെ ആസ്തിയാണുള്ളത്.
അഷ്ഫാഖ് അലി സ്റ്റോർ കീപ്പർ തസ്തികയിൽ നിന്ന് വിരമിക്കുമ്പോൾ പ്രതിമാസം 45,000 രൂപയായിരുന്നു ശമ്പളമെന്ന് ലോകായുക്ത എസ്.പി പറഞ്ഞു. ഇയാളുടെ വീട്ടിൽ നിന്ന് 46 ലക്ഷം രൂപയുടെ സ്വർണവും വെള്ളിയും 20 ലക്ഷം രൂപയും കണ്ടെത്തി. ഭോപ്പാലിലെ അഷ്ഫാഖ് അലിയുടെ വീട്ടിൽ മോഡുലാർ കിച്ചൻ, ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന നിലവിളക്ക്, വിലകൂടിയ സോഫകളും ഷോകേസുകളും റഫ്രിജറേറ്റ്‍, ടെലിവിഷന്‍ തുടങ്ങി നിരവധി ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളുമാണുമുള്ളത്. രാജ്ഗഡിലെ ജില്ലാ ആശുപത്രിയിൽ സ്റ്റോർ കീപ്പറായിരുന്നു അഷ്ഫാഖ് അലി. വിവിധ സ്ഥലങ്ങളിൽ ലോകായുക്ത വകുപ്പ് നടത്തിയ റെയ്ഡിലാണ് അനധികൃത സ്വത്ത് കണ്ടെത്തിയത്.
അലിയുടെയും ഭാര്യയുടെയും മകന്‍റെയും മകളുടെയും പേരിലുള്ള 1.25 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളുടെ 16 രേഖകളും ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിൽ കണ്ടെത്തി.ഇതിന് പുറമെ നാല് കെട്ടിടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലോകയുക്ത ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. 14,000 ചതുരശ്ര അടി സ്ഥലത്ത് നിർമാണത്തിലിരിക്കുന്ന ഒരു ഷോപ്പിംഗ് കോംപ്ലക്‌സും ഒരു ഏക്കർ സ്ഥലവും ഒരു വലിയ കെട്ടിടവും അലിയുടെ പേരിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ലാറ്റേരിയില്‍ മൂന്ന് നില കെട്ടിടത്തിലായി ഒരു സ്കൂളും നടത്തുന്നുണ്ട്. അഷ്ഫാഖ് അലി വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്നാണ് റെയ്ഡ് നടത്തിയത്. അഴിമതി നിരോധന നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.