India
Rs 2,000 note still legal, circulation down to Rs 8,470 crore: RBI
India

8470 കോടിയുടെ 2000 രൂപാ നോട്ടുകൾ ഇപ്പോഴും ജനങ്ങളുടെ കയ്യിൽ: റിസർവ് ബാങ്ക്

Web Desk
|
1 March 2024 12:34 PM GMT

1000-500 നോട്ടുകൾ നിരോധിച്ചതിനെ തുടർന്ന് 2016 നവംബറിലാണ് 2000 രൂപാ നോട്ട് പുറത്തിറക്കിയത്

മുംബൈ: 8470 കോടി രൂപയുടെ 2000 രൂപാ നോട്ടുകൾ ഇപ്പോഴും പൊതുജനങ്ങളുടെ പക്കലുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). പിൻവലിച്ച 2000 രൂപാ നോട്ടുകളിൽ 97.62 ശതമാനവും തിരിച്ചുകിട്ടിയതായും വെള്ളിയാഴ്ച റിസർവ് ബാങ്ക് വ്യക്തമാക്കി. 2023 മെയ് 19നാണ് ആർ.ബി.ഐ 2000 രൂപാ നോട്ട് പിൻവലിച്ചത്.

'2023 മെയ് 19ന് 2000 രൂപാ നോട്ട് പിൻവലിക്കുമ്പോൾ, പ്രചാരത്തിലുണ്ടായിരുന്നവയുടെ ആകെ മൂല്യം 3.56 ലക്ഷം കോടിയായിരുന്നു. 2024 ഫെബ്രുവരി 29 ന്‌ ലഭിക്കാനുള്ളത് 8,470 കോടിയുടെ 2000 രൂപാ നോട്ടുകളാണ്' ആർ.ബി.ഐ പ്രസ്താവനയിൽ പറഞ്ഞു. 2,000 രൂപാ നോട്ടുകൾ നിയമാനുസൃതമായി തുടരുമെന്നും ആർ.ബി.ഐ വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള 19 ആർ.ബി.ഐ ഓഫീസുകൾ വഴി 2000 രൂപാ നോട്ടുകൾ ജനങ്ങൾ ഡിപ്പോസിറ്റ് ചെയ്യാനും മാറ്റി വാങ്ങാനും കഴിയുമെന്നും അറിയിച്ചു. ഇന്ത്യാ പോസ്റ്റ് വഴി ഏത് പോസ്റ്റ് ഓഫീസിൽ നിന്നും 2000 രൂപാ നോട്ടുകൾ ആർ.ബി.ഐ ഓഫീസിലേക്ക് അയച്ച് തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ കഴിയുമെന്നും പറഞ്ഞു.

2023 സെപ്റ്റംബർ 30-നകം 2000 രൂപാ നോട്ടുകൾ കൈമാറ്റം ചെയ്യാനോ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനോയാണ് പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും ആദ്യം റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സമയപരിധി പിന്നീട് 2023 ഒക്ടോബർ ഏഴ് വരെ നീട്ടി. അതേസമയം, ബാങ്ക് ശാഖകളിലെ 2000 രൂപാ നിക്ഷേപവും വിനിമയവും 2023 ഒക്ടോബർ ഏഴോടെ നിർത്തലാക്കി.

2023 ഒക്ടോബർ എട്ട് മുതൽ ആർ.ബി.ഐയുടെ 19 ഓഫീസുകളിൽ കറൻസി കൈമാറ്റം ചെയ്യാനും തത്തുല്യമായ തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനുമുള്ള സൗകര്യം വ്യക്തികൾക്ക് നൽകിയിരിക്കുകയാണ്. അഹമ്മദാബാദ്, ബെംഗളൂരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പട്ന, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് 19 ആർബിഐ ഓഫീസുകൾ. 1000-500 നോട്ടുകൾ നിരോധിച്ചതിനെ തുടർന്ന് 2016 നവംബറിലാണ് 2000 രൂപാ നോട്ട് പുറത്തിറക്കിയത്.

Rs 2,000 note still legal, circulation down to Rs 8,470 crore: RBI

Similar Posts