കർണാടകയിൽ മോദിയുടെ റോഡ്‌ഷോയ്ക്ക് ബാരിക്കേഡ് നിർമിക്കാൻ ചെലവാക്കിയത് 52 ലക്ഷം
|വൻ സന്നാഹങ്ങൾക്കിടയിലും സുരക്ഷാവീഴ്ചയുണ്ടായത് ഏറെ വിവാദമായിരുന്നു
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയ്ക്കായി ബാരിക്കേഡ് നിർമിക്കാൻ കർണാടക സർക്കാർ ചെലവാക്കിയത് 52 ലക്ഷം രൂപ. കഴിഞ്ഞ ജനുവരി 12നാണ് ദേശീയ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ഹുബ്ബാളിയിൽ മോദിയുടെ റോഡ് ഷോ നടന്നത്. റോഡ്‌ഷോയ്ക്കായി സംസ്ഥാന സർക്കാരായിരുന്നു ബാരിക്കേഡ് നിർമിച്ചതെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്താവളത്തിൽനിന്ന് ഫെസ്റ്റിവൽ വേദിയായ റെയിൽവേ ഗ്രൗണ്ട് വരെ ഏഴു കിലോമീറ്ററാണ് റോഡ്‌ഷോയിൽ മോദിയുടെ സുരക്ഷയെന്ന പേരിൽ ബാരിക്കേഡ് വച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു ഇതിന്റെ ചുമതല. നേരത്തെ, ഫെസ്റ്റിവൽ വേദിയിലേക്കുള്ള പാതയിൽ ചിലയിടങ്ങളിൽ സ്വീകരണമൊരുക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതു പിന്നീട് റോഡ്‌ഷോയാക്കി മാറ്റുകയായിരുന്നു.
2,500 പൊലീസുകാരെ റോഡ്‌ഷോയിൽ സുരക്ഷാചുമതലയ്ക്കായി വിന്യസിച്ചിരുന്നു. എന്നാൽ, വൻ സുരക്ഷയ്ക്കിടയിലും റോഡ്‌ഷോയ്ക്കിടയിൽ സുരക്ഷാവീഴ്ചയുണ്ടായത് വലിയ വിവാദമായിരുന്നു. സുരക്ഷാസന്നാഹങ്ങൾ മറികടന്ന് ഒരു യുവാവ് മോദിക്ക് ഹാരാർപ്പണം നടത്താൻ ശ്രമിക്കുകയായിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് മുന്നിലുള്ള കർണാടകയിൽ നരേന്ദ്ര മോദി വീണ്ടും റോഡ്‌ഷോയ്ക്ക് എത്തും. മാർച്ച് 12ന് മാണ്ഡ്യയിലാണ് പരിപാടി. കർണാടകയിലെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. മോദിയുമായി എത്തുന്ന ഹെലികോപ്ടർ ബംഗളൂരു-മൈസൂരു എക്‌സ്പ്രസ്‌വേയിൽ ഇറങ്ങുമെന്നും റിപ്പോർട്ടുണ്ട്.
Summary: The Karnataka state government spent Rs 52 lakh for barricading for Prime Minister Narendra Modi's roadshow in Hubballi, on 2023 January 12