പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാന്‍ പാഴാക്കിയത് 60കോടി; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതി
|സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതിൽ മഹാരാഷ്ട്ര സർക്കാർ പൂർണപരാജയമാണെന്നും വിമർശനം
പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതിൽ മഹാരാഷ്ട്ര സർക്കാർ പൂർണപരാജയമാണെന്ന് ബോംബെ ഹൈക്കോടതി. സുപ്രീം കോടതിയുടെ ഉത്തരവ് സർക്കാർ കൈകാര്യം ചെയ്തത് പ്രഹസനമാണെന്നും ഇത് സുപ്രീം കോടതി ഉത്തരവിന്റെ പൂർണ്ണമായ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ 60 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ വർഷം ഏപ്രിലോടെ പ്രവൃത്തി പൂർത്തിയാകുമെന്നും മഹാരാഷ്ട്ര സർക്കാർ നൽകിയ സത്യവാങ്മൂലത്തോട് പ്രതികരിക്കുകയായിരുന്നു ഹൈക്കോടതി. സംസ്ഥാനത്തെ പകുതി പോലീസ് സ്റ്റേഷനുകളിൽ മാത്രമാണ് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചത്. ഇതിൽ പലതും പ്രവർത്തിക്കാതെന്താണെന്നും കോടതി ചോദിച്ചു.
സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നും കേസ് റെക്കോർഡുകൾ സൂക്ഷിക്കണമെന്നും 2020ലെ സുപ്രീം കോടതി വിധി പാലിക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ കഴിഞ്ഞ മാസം ജസ്റ്റിസ് എസ്.ജെ.കാത്തവല്ല, ജസ്റ്റിസ് മിലിന്ദ് എൻ ജാദവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയോട് നിർദേശിച്ചിരുന്നു. സർക്കാർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 1089 പൊലീസ് സ്റ്റേഷനുകളാണുള്ളത്. 547 പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 6,092 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ 5,639 എണ്ണം പ്രവർത്തിക്കുന്നത്.
2021 മാർച്ചിൽ പണി പൂർത്തിയാകേണ്ടിയിരുന്നെങ്കിലും, നിർമ്മാതാക്കളിൽ നിന്ന് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത് തടസ്സപ്പെട്ടതും കോവിഡ് മഹാമാരിയുമെല്ലാമാണ് കാലതാമസമുണ്ടാക്കിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2022 ഏപ്രിൽ 30-നകം പദ്ധതി പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഏതൊക്കെ പൊലീസ് സ്റ്റേഷനുകളിലാണ് പ്രവർത്തനരഹിതമായ സി.സി.ടി.വികളുള്ളതെന്നടക്കമുള്ള വിവരങ്ങൾ നൽകിയിട്ടില്ലാത്തതിനാൽ സത്യവാങ്മൂലം പൂർണമല്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്നതിന് ഒരു പോലീസ് സ്റ്റേഷനിൽ ആറ് ലക്ഷം രൂപ ചെലവിട്ടത് എങ്ങനെയെന്നും ജസ്റ്റിസ് ജാദവ് ചോദിച്ചു. ഇത് വെറും പ്രഹസനമാണ്. 60 കോടിയാണ് ഇതിലെല്ലാം പാഴായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.