India
ചില മതങ്ങളെയും ഭാഷകളെയും സമുദായങ്ങളെയും ആർഎസ്എസ്   മറ്റുള്ളവരെക്കാൾ താഴ്ന്നവരായാണ് കാണുന്നതെന്ന് രാഹുൽ ഗാന്ധി
India

ചില മതങ്ങളെയും ഭാഷകളെയും സമുദായങ്ങളെയും ആർഎസ്എസ് മറ്റുള്ളവരെക്കാൾ താഴ്ന്നവരായാണ് കാണുന്നതെന്ന് രാഹുൽ ഗാന്ധി

Web Desk
|
10 Sep 2024 5:34 AM GMT

ബിജെപിക്ക് ഇന്ത്യയെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും പ്രതിപക്ഷ നേതാവ്

വാഷിങ്ടൺ: ചില മതങ്ങളെയും ഭാഷകളെയും സമുദായങ്ങളെയും മറ്റുള്ളവരെക്കാൾ താഴ്ന്നവരായാണ് ആർഎസ്എസ് പരിഗണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിങ്കളാഴ്ച വിർജീനിയയിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. ആർഎസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ചാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്.

ഇന്ത്യയുടെ വൈവിധ്യങ്ങളെ ആർഎസ്എസ് അംഗീകരിക്കുന്നില്ലെന്നും ഒരു ഏക ആശയമായാണ് ഇന്ത്യയെ അവർ കാണുന്നതെന്നും രാഹുൽ പറഞ്ഞു. ചില സംസ്ഥാനങ്ങൾ മറ്റ് സംസ്ഥാനങ്ങളേക്കാൾ താഴെയാണെന്നാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം പറയുന്നത്. ചില ഭാഷകൾ മറ്റ് ഭാഷകളേക്കാൾ താഴ്ന്നതാണ്. ചില മതങ്ങൾ മറ്റ് മതങ്ങളെക്കാൾ താഴ്ന്നതാണ്. ചില സമുദായങ്ങൾ മറ്റ് സമുദായങ്ങളെക്കാൾ താഴ്ന്നവരാണെന്നും കരുതുന്നു. ഇത്തരത്തിൽ തമിഴ്, മറാത്തി, ബംഗാളി, മണിപ്പൂരി ഇവയെല്ലാം അവർക്ക് താഴ്ന്ന ഭാഷകളാണ്. ഇതിനെതിരെയാണ് ഇപ്പോൾ ഇന്ത്യയിൽ പോരാട്ടം നടക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നിങ്ങൾ ഏത് പ്രദേശത്തുള്ളയാളാണെങ്കിലും നിങ്ങൾക്കൊരു ചരിത്രമുണ്ട്, പാരമ്പര്യമുണ്ട്, ഭാഷയുണ്ട് അവയെല്ലാം മറ്റേതിനെയും പോലെ പ്രധാനം തന്നെയാണ്. ബിജെപിക്ക് ഇന്ത്യയെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയൻ എന്നാണ് വിശേഷിപ്പിക്കുന്നത്. ഭരണഘടനയിൽ അത് വ്യക്തമായി എഴുതിയിട്ടുമുണ്ട്. ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. ഭാഷകൾ, പാരമ്പര്യങ്ങൾ, ചരിത്രങ്ങൾ മുതലായവയുടെ കൂടിച്ചേരലാണ് ഇന്ത്യ എന്ന് ഇത് അർത്ഥമാക്കുന്നുവെന്നും രാഹുൽ ഓർമ്മിപ്പിച്ചു. ‘എന്നാൽ ഇന്ത്യ ഒരു യൂണിയൻ അല്ലെന്നാണ് ‘അവർ’ പറയുന്നത്. ഇവയെല്ലാം വേറിട്ടകാര്യങ്ങളാണ് എന്നാണ് അവരുടെ വാദം. അവർക്ക് ഒന്ന് മാത്രമാണ് വളരെ പ്രധാനം, അവരുടെ ആസ്ഥാനം നാഗ്പൂരിലാണ്’-ആർഎസ്എസിന്റെ പേരെടുത്ത് പറയാതെയായിരുന്നു രാഹുലിന്റെ വിമർശനം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് സ്‌നേഹവും ബഹുമാനവും വിനയവുമെല്ലാം നഷ്ടമായിരിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. സമൂഹത്തിൽ വിദ്വേഷം പരത്തരുത്, അഹങ്കരിക്കരുത്, ആളുകളെ അവഹേളിക്കരുത് പകരം സ്നേഹം പ്രചരിപ്പിക്കുകയും വിനയം കാണിക്കുകയും ആളുകളെയും പൈതൃകങ്ങളെയും മതങ്ങളെയും ഭാഷകളെയും സമുദായങ്ങളെയും ബഹുമാനിക്കണമെന്നതാണ് നമ്മൾ ഉയർത്തിപ്പിടിക്കേണ്ട കാര്യങ്ങളെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

Related Tags :
Similar Posts