'അന്നും ഇന്നും ആർ.എസ്.എസുകാരൻ; എന്നും സംഘത്തോട് കടപ്പെട്ടിരിക്കും'-വിടവാങ്ങല് പ്രസംഗത്തില് കൽക്കട്ട ഹൈക്കോടതി ജഡ്ജി ജ. ചിത്തരഞ്ജൻ ദാസ്
|കൽക്കട്ട ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ സർവീസിൽനിന്നു രാജിവച്ച് ബി.ജെ.പിയിൽ ചേർന്നത് ഏതാനും മാസങ്ങൾക്കുമുൻപാണ്
കൊൽക്കത്ത: വിരമിക്കൽ ചടങ്ങിൽ ആർ.എസ്.എസ് ബന്ധം വെളിപ്പെടുത്തി കൽക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചിത്തരഞ്ജൻ ദാസ്. കുട്ടിക്കാലം തൊട്ടേ ആർ.എസ്.എസുകാരനാണെന്നു വെളിപ്പെടുത്തിയ അദ്ദേഹം സംഘത്തെ പ്രസംഗത്തിൽ വാതോരാതെ വാഴ്ത്തുകയും ചെയ്യുന്നുണ്ട്. ഔദ്യോഗിക പദവിയിൽനിന്ന് ഇറങ്ങുന്നതോടെ വീണ്ടും സംഘത്തോടൊപ്പം ചേരാൻ തയാറാണെന്നും ജ. ദാസ് പറഞ്ഞു.
സ്വഭാവരൂപീകരണത്തിലും വളർച്ചയിലുമെല്ലാം പങ്കുവഹിച്ച സംഘത്തോട് കടപ്പെട്ടിരിക്കുമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട് ജഡ്ജി. ഔദ്യോഗിക ജീവിതത്തിൽ പ്രവേശിച്ച ശേഷം 37 വർഷത്തോളം സംഘത്തിൽനിന്നു സ്വയം മാറിനിന്നെങ്കിലും എന്നും എപ്പോഴും ആർ.എസ്.എസുകാരനായിരുന്നു. എന്നാൽ, നീതി നടപ്പാക്കുന്നിടത്ത് ഒരാളോടും, ഒരു പാർട്ടിക്കാരനോടും പക്ഷപാതിത്വം കാണിച്ചിട്ടില്ലെന്നും ചിത്തരഞ്ജൻ ദാസ് പറഞ്ഞു. ഇന്നായിരുന്നു കൽക്കട്ട ഹൈക്കോടതി ദാസിന് ഔദ്യോഗിക ഉപചാരങ്ങളോടെ യാത്രയയപ്പ് നൽകിയത്.
ഇന്നെനിക്ക് എന്റെ യഥാർഥ സ്വത്വം വെളിപ്പെടുത്തണമെന്നു പറഞ്ഞാണ് ജഡ്ജി ആർ.എസ്.എസ് ബന്ധത്തെ കുറിച്ചു സംസാരിച്ചു തുടങ്ങിയത്. ഒരു സംഘടനയോട് ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നുണ്ട്. കുട്ടിക്കാലം മുതൽ യൗവനം പ്രാപിക്കുന്നത് വരെ താൻ ആ സംഘടനയിലുണ്ടായിരുന്നു. അവിടെനിന്നാണ് ധീരനും നേരുള്ളവനുമായിരിക്കാനും മറ്റുള്ളവരോട് തുല്യമായി പെരുമാറാനുമെല്ലാം പഠിച്ചത്. എല്ലാറ്റിലുമുപരി, എവിടെ പണിയെടുത്താലും ജോലിയോടുള്ള പ്രതിബദ്ധതയും രാജ്യസ്നേഹവും കൊണ്ടുനടക്കാനും പഠിച്ചു. അന്നും ഇന്നും താനൊരു ആർ.എസ്.എസുകാരനെന്ന് ഇപ്പോൾ സമ്മതിക്കുകയാണെന്നും ജ. ദാസ് വെളിപ്പെടുത്തി.
ജോലി കാരണം ഏകദേശം 37 വർഷത്തോളം സംഘടനയിൽനിന്ന് വിട്ടുനിന്നു. എന്നാൽ, കരിയറിൽ എന്തെങ്കിലും നേട്ടമുണ്ടാക്കാൻ ഒരിക്കലും സംഘടനാ അംഗത്വം ഉപയോഗിച്ചില്ല. അത് നമ്മുടെ ആദർശത്തിനു വിരുദ്ധമാണ്. കമ്മ്യൂണിസ്റ്റുകാരനാണെങ്കിലും ബി.ജെ.പിക്കാരനോ കോൺഗ്രസുകാരനോ തൃണമൂലുകാരനോ ആരായാലും എല്ലാവരോടും തുല്യമായാണു പെരുമാറിയിട്ടുള്ളത്. ഒരാളോടും പക്ഷപാതിത്വം കാണിച്ചിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയോടും വ്യക്തിപരമായി പക്ഷപാതിത്വമില്ല. എല്ലാവരും എനിക്കുമുന്നിൽ തുല്യരായിരുന്നു. രണ്ട് തത്ത്വങ്ങളിൽ ഊന്നി നീതി നടപ്പാക്കാനാണ് ഞാൻ ശ്രമിച്ചത്: ഒന്നാമത്തെ തത്ത്വം സഹാനുഭൂതിയാണ്. നീതി നടപ്പാക്കാൻ നിയമം വളച്ചൊടിക്കാം, എന്നാൽ, നീതിയെ നിയമത്തിന് അനുസരിച്ചു വളച്ചൊടിക്കാൻ പറ്റില്ലെന്നതായിരുന്നു രണ്ടാമത്തെ തത്ത്വമെന്നും പ്രസംഗത്തിൽ ജ. ചിത്തരഞ്ജൻ ദാസ് കൂട്ടിച്ചേർത്തു.
വിടവാങ്ങൽ പ്രസംഗത്തിൽ കൽക്കട്ട ഹൈക്കോടതിയുടെ പാരമ്പര്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 200 വർഷം മുൻപ് കൽക്കട്ട ഹൈക്കോടതി സ്ഥാപിക്കപ്പെടുമ്പോൾ രാജ്യത്തെ സുപ്രിംകോടതിയായാണിതു പ്രവർത്തിച്ചിരുന്നത്. പിന്നീട് ആ പൈതൃകം നഷ്ടമായി. ദേശീയതലത്തിൽ തന്നെ കോടതിക്കുണ്ടായിരുന്ന പ്രാമുഖ്യം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
കൽക്കട്ട ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ സർവീസിൽനിന്നു രാജിവച്ച് ബി.ജെ.പിയിൽ ചേർന്നത് ഏതാനും മാസങ്ങൾക്കുമുൻപാണ്. പിന്നാലെ ബംഗാളിൽ തന്നെ ലോക്സഭാ ടിക്കറ്റും ലഭിച്ചു. മെദിനിപൂർ ജില്ലയിലെ തംലൂക്കിൽ ബി.ജെ.പി സ്ഥാനാർഥിയാണ് അഭിജിത്. ഇതിനു പിന്നാലെയാണിപ്പോൾ മറ്റൊരു കൽക്കട്ട കോടതി ജഡ്ജി സംഘ്പരിവാർ ബന്ധം വെളിപ്പെടുത്തിയിരിക്കുന്നത്.
ഒഡിഷ സ്വദേശിയായ ജ. ചിത്തരഞ്ജൻ ദാസ് 1986ലാണ് അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. 199ൽ ഒഡിഷ സുപീരിയർ ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചു. പിന്നീട് ഒഡിഷയിലും ബംഗാളിലും വിവിധയിടങ്ങളിൽ അഡിഷനൽ ജില്ലാ-സെഷൻസ് ജഡ്ജിയും ജില്ലാ ജഡ്ജിയായും ഒഡിഷ ഹൈക്കോടതി രജിസ്ട്രാറായുമെല്ലാം പ്രവർത്തിച്ചു. 2009ൽ ഒഡിഷ ഹൈക്കോടതി അഡിഷനൽ ജഡ്ജായി. 2022ലാണ് കൽക്കട്ട ഹൈക്കോടതി ജഡ്ജിയായി സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ലഭിക്കുന്നത്.
നിയമജീവിതത്തിനിടയിൽ ഒരുപാട് വിവാദങ്ങളും ജ. ദാസിന്റെ പേരിലുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ലൈംഗികതാൽപര്യങ്ങൾ നിയന്ത്രിക്കാനെന്ന പേരിൽ പെരുമാറ്റച്ചട്ടങ്ങൾ ഇറക്കിയത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. വിധിയെ രൂക്ഷമായ ഭാഷയിൽ സുപ്രിംകോടതി വിമർശിക്കുകയും ചെയ്തിരുന്നു.
Summary: ''I must admit here that I was and I am a member of the RSS'': Says retiring Calcutta High Court judge Justice Chitta Ranjan Dash in his farewell speech