India
മതപരമായ അസന്തുലിതാവസ്ഥ അപകടം, ജനസംഖ്യാ നിയന്ത്രണ നിയമം അനിവാര്യം; ആവശ്യമുയർത്തി ആർ.എസ്.എസ് തലവൻ
India

'മതപരമായ അസന്തുലിതാവസ്ഥ അപകടം, ജനസംഖ്യാ നിയന്ത്രണ നിയമം അനിവാര്യം'; ആവശ്യമുയർത്തി ആർ.എസ്.എസ് തലവൻ

Web Desk
|
5 Oct 2022 5:49 AM GMT

രാജ്യസഭ അംഗം രാകേഷ് സിൻഹ ജനസംഖ്യാ നിയന്ത്രണ ബിൽ കൊണ്ടുവന്നിരുന്നു. എന്നാൽ കുടുംബാസൂത്രണ ബോധവത്കരണവും ആരോഗ്യ സുരക്ഷാ ലഭ്യതയും ജനസംഖ്യാ സ്ഥിരത ഉറപ്പാക്കിയെന്നായിരുന്നു ഇതിന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡ്യവ മറുപടി പറഞ്ഞത്

നാഗ്പൂർ: രാജ്യത്ത് മതപരമായ അസന്തുലിതാവസ്ഥയുണ്ടാകുന്നത് അപകടകരമാണെന്നും ജനസംഖ്യാ നിയന്ത്രണ നിയമം അനിവാര്യമാണെന്നും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. നിർബന്ധിത മതപരിവർത്തനമുണ്ടാകുന്നത് മതപരമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും കെസോവേ, സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ പോലെ സാഹചര്യം രാജ്യത്തുണ്ടാകാതിരിക്കാൻ നിയന്ത്രണം വേണമെന്നും ആർ.എസ്.എസ് സംഘടിപ്പിച്ച വാർഷിക ദസറ റാലിയിൽ അദ്ദേഹം പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിനൊപ്പം മതത്തിന്റെ അടിസ്ഥാനത്തിലുള്ള ജനസംഖ്യാ സന്തുലിതാവസ്ഥയും അവഗണിക്കാനാകാത്തതാണെന്നും ഹിന്ദിയിൽ നടത്തിയ പ്രസംഗത്തിൽ മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.

'ജനസംഖ്യക്ക് ആവശ്യമായ വിഭവങ്ങൾ വേണം, വിഭവങ്ങളില്ലാതെ അവ വർധിച്ചാൽ വലിയ ഭാരമായി മാറും' അദ്ദേഹം അഭിപ്രായപ്പെട്ടു. ജനസംഖ്യ ആസ്തിയാണെന്ന ഒരു വീക്ഷണമുണ്ടെന്നും രണ്ടു വാദങ്ങളും മനസ്സിൽ കണ്ട് ജനസംഖ്യ നയം തയ്യാറാക്കണമെന്നും പറഞ്ഞു.'ജനസംഖ്യാ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്ര അതിർത്തികൾ മാറ്റുന്നതിലേക്ക് നയിക്കുന്നു, ജനനനിരക്കിലെ വ്യത്യാസത്തിനൊപ്പം നിർബന്ധിതമായോ പ്രലോഭിപ്പിച്ചോ യുള്ള മതപരിവർത്തനവും നുഴഞ്ഞുകയറ്റവും വലിയ പ്രശ്‌നമാണ്' ആർ.എസ്.എസ് സംഘടനകൾ ഉന്നയിക്കുന്ന വാദം മോഹൻ ഭാഗവത് വീണ്ടും ആവർത്തിച്ചു.

എന്നാൽ സംഘ്പരിവാര സംഘടനകൾ ഉയർത്തുന്ന ഈ ആവശ്യം ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അംഗീകരിക്കുന്നതായി കാണുന്നില്ലെന്നാണ് എൻ.ഡി ടിവിയടക്കം നിരീക്ഷിക്കുന്നത്. ഈ വർഷം ഏപ്രിലിൽ രാജ്യസഭയിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗം രാകേഷ് സിൻഹ ജനസംഖ്യാ നിയന്ത്രണ ബിൽ കൊണ്ടുവന്നിരുന്നു. എന്നാൽ കുടുംബാസൂത്രണ ബോധവത്കരണവും ആരോഗ്യ സുരക്ഷാ ലഭ്യതയും ജനസംഖ്യാ സ്ഥിരത ഉറപ്പാക്കിയെന്നായിരുന്നു ഇതിന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡ്യവ മറുപടി പറഞ്ഞത്. 'ആകെ പ്രത്യുൽപ്പാദന ശേഷി നിരക്ക് രണ്ടു ശതമാനത്തിന് താഴെയായി, ഇത് കുടുംബാസൂത്രണദൗത്യം വിജയത്തിലെത്തുന്നതായാണ് കാണിക്കുന്നത്' മന്ത്രി പറഞ്ഞു. ഇതോടെ സിൻഹ ബിൽ പിൻവലിച്ചു. കുടുംബാസൂത്രണം നിർബന്ധിതമായി അടിച്ചേൽപ്പിക്കേണ്ടതെല്ലന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

RSS chief Mohan Bhagwat said that religious imbalance in the country is dangerous and population control law is necessary.

Similar Posts