ഡൽഹിയിലെ പള്ളിയിൽ ആർഎസ്എസ് മേധാവിയുടെ സന്ദർശനം; ഇമാമുമായി ചർച്ച നടത്തി
|രാജ്യത്തെ മുസ്‌ലിം പ്രമുഖരുമായി ആർഎസ്എസ് മേധാവി അടുത്തിടെ ചർച്ച നടത്തിയിരുന്നു.
ന്യൂഡൽഹി: മുസ്‌ലിം പ്രമുഖരുമായി ചർച്ച നടത്തിയതിന് പിന്നാലെ ഡൽഹിയിലെകസ്തൂർബാ മാർഗ് പള്ളിയിൽ സന്ദർശനം നടത്തി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇവിടത്തെ ഇമാമും ഓൾ ഇന്ത്യാ ഇമാം ഓർഗനൈസേഷൻ ഭാരവാഹിയുമായ ഉമർ അഹമ്മദ് ഇല്യാസിയുമായി അദ്ദേഹം ചർച്ച നടത്തി. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.
''ഇത് രാജ്യത്തിന് വളരെ നല്ല സന്ദേശമാണ് നൽകുന്നത്. ഒരു കുടുംബത്തെപ്പോലെയാണ് ഞങ്ങൾ സംസാരിച്ചത്. ഞങ്ങളുടെ ക്ഷണം അനുസരിച്ചാണ് അവർ വന്നത്'' - ഇമാമിന്റെ മകനായ ഷുഹൈബ് ഇല്യാസി പറഞ്ഞു.
രാജ്യത്തെ മുസ്‌ലിം പ്രമുഖരുമായി ആർഎസ്എസ് മേധാവി അടുത്തിടെ ചർച്ച നടത്തിയിരുന്നു. ആർഎസ്എസ് ആസ്ഥാനത്ത് നടന്ന ചർച്ചയിൽ മുൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറൈശി, അലീഗഢ് സർവകലാശാല മുൻ വൈസ് ചാൻസലർ റിട്ട. ലഫ്. ജനറൽ സമീറുദ്ദീൻ ഷാ, രാഷ്ട്രീയ ലോക്ദൾ ദേശീയ വൈസ് പ്രസിഡന്റ് ശാഹിദ് സിദ്ദീഖി തുടങ്ങിയവരാണ് പങ്കെടുത്തത്.
ആർഎസ്എസ് മേധാവി ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളെ കാണുന്നുണ്ടെന്നും ഇത് തുടർന്നുവരുന്ന പൊതുസംവാദ പ്രക്രിയയുടെ ഭാഗമാണെന്നും ആർഎസ്എസ് വക്താവ് സുനിൽ അംബേദ്കർ പറഞ്ഞു.