'ആർ.എസ്.എസ് ഇന്ത്യയിലെ സ്ഥാപനങ്ങളെല്ലാം പിടിച്ചടക്കി'; രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്തിയെന്ന് ബി.ജെ.പി
|ഇന്ത്യയിലെ ജനാധിപത്യ മത്സരത്തിന്റെ സ്വഭാവം പൂർണ്ണമായും മാറിയിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി
ലണ്ടൻ: കേന്ദ്ര സർക്കാരിനും ആർ.എസ്.എസ്സിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർ.എസ്.എസ് ഇന്ത്യയിലെ സ്ഥാപനങ്ങളെല്ലാം പിടിച്ചടക്കിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. എന്നാൽ രാഹുലിന്‍റെ പരാമർശങ്ങൾ രാജ്യത്തെ അപകീർത്തിപ്പെടുത്തലാണെന്ന് ബി.ജെ.പി വ്യക്തമാക്കി. ലണ്ടൻ ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ ചാത്തം ഹൗസ് സംഘടിപ്പിച്ച സെഷനിൽ സംസാരിക്കവെയാണ് രാഹുലിന്റെ പരാമർശം. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങൾ നിലവിൽ ഭീഷണിയിലാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
'ഇന്ത്യയിലെ ജനാധിപത്യ മത്സരത്തിന്റെ സ്വഭാവം പൂർണ്ണമായും മാറിയിരിക്കുന്നു. അത് മാറിയതിന് കാരണം ആർഎസ്എസ് എന്ന മതമൗലിക, ഫാസിസ്റ്റ് സംഘടന, ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുത്തതാണ്,'- രാഹുൽ ഗാന്ധി പറഞ്ഞു. അനുരാഗ് താക്കൂർ, മുഖ്താർ അബ്ബാസ് നഖ്വി, അർജുൻ മുണ്ട എന്നിവരുൾപ്പെടെയുള്ള നിരവധി കേന്ദ്രമന്ത്രിമാർ രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തി. രാഹുലിന്റെ ആരോപണങ്ങൾ കള്ളമാണെന്ന് വിശേഷിപ്പിച്ച ബി.ജെ.പി നേതാക്കൾ രാഹുലിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്.
ഇന്ത്യയിൽ ദലിതുകളോടും ആദിവാസികളോടും ന്യൂനപക്ഷങ്ങളോടും എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് കാണാം. അത് കോൺഗ്രസ് ആരോപിക്കുന്നതല്ല. ഇന്ത്യൻ ജനാധിപത്യത്തിൽ ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് വിദേശ മാധ്യമങ്ങളിൽ എപ്പോഴും ലേഖനങ്ങൾ വരുന്നുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ അവർ എങ്ങനെ വിജയകരമായി പിടിച്ചെടുത്തു എന്നത് എന്നെ ഞെട്ടിപ്പിക്കുന്നു. മാധ്യമങ്ങൾ, ജുഡീഷ്യറി, പാർലമെന്റ്, തെരഞ്ഞെടുപ്പ് കമീഷൻ എന്നിവയെല്ലാം ഭീഷണിയിലാണ്. അവയെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അവരുടെ നിയന്ത്രണത്തിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അന്വേഷണ ഏജൻസികളെ എങ്ങനെയാണ് അവർ ഉപയോഗിക്കുന്നതെന്ന് നിങ്ങൾക്ക് ഏതൊരു പ്രതിപക്ഷ നേതാവിനോടും ചോദിക്കാം. എന്റെ ഫോൺ ചോർത്തി. നിരവധി പ്രതിപക്ഷ നേതാക്കളുടെ ഫോണുകളിൽ പെഗസസ് ഉണ്ട്. നിരീക്ഷിക്കപ്പെടുന്നുവെന്നും ഫോണുകൾ ചോർത്തുന്നുവെന്നതും സ്ഥിരമായി ഞങ്ങളെ അലട്ടുന്ന പ്രശ്‌നമാണ്. കൂടാതെ, പ്രതിപക്ഷാംഗങ്ങൾക്കെതിരെ നിരവധി കേസുകളുണ്ട്. ക്രിമിനൽ കേസുകൾ ആകാത്ത സംഭവങ്ങൾക്ക് പോലും ക്രിമിനൽ കേസുകൾ എടുത്തിട്ടുണ്ട്. എനിക്കെതിരെ പോലും ഇത്തരത്തിൽ നിരവധി കേസുകളുണ്ട്. ഇതിനെ പ്രതിരോധിക്കാനാണ് ഞങ്ങളുടെ ശ്രമം. ഞങ്ങളാണ് അധികാരത്തിലിരിക്കുന്നതെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. -രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
അധികാരത്തിലെത്താൻ ജനാധിപത്യ മത്സരം ഉപയോഗപ്പെടുത്തുക, അതിനുശേഷം ജനാധിപത്യ മത്സരം അട്ടിമറിക്കുക എന്നതാണ് ബി.ജെ.പിയുടെ ആശയം, തങ്ങൾ എപ്പോഴും അധികാരത്തിലിരിക്കുമെന്ന് വിശ്വസിക്കാനാണ് ബിജെപി ഇഷ്ടപ്പെടുന്നത്' രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ ഒറ്റിക്കൊടുക്കരുതെന്ന് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പ്രതികരിച്ചു. 'ഇന്ത്യയെ ഒറ്റിക്കൊടുക്കരുത്. ഇന്ത്യയുടെ വിദേശനയത്തോടുള്ള എതിർപ്പുകൾ ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അപര്യാപ്തമായ ധാരണയുടെ തെളിവാണ്. വിദേശ മണ്ണിൽ നിന്ന് ഇന്ത്യയെക്കുറിച്ച് നിങ്ങൾ പ്രചരിപ്പിക്കുന്ന നുണകൾ ആരും വിശ്വസിക്കില്ല,'- അനുരാഗ് താക്കൂർ പറഞ്ഞു.