രാജസ്ഥാനില്‍ സി.എ.എ സാക്ഷ്യപത്രം വിതരണം ചെയ്ത് ആർ.എസ്.എസ് എന്‍.ജി.ഒ
|പൂജാരിമാർക്ക് മതം സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റുകൾ നൽകാമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു
ജയ്പ്പൂർ: പൗരത്വ ഭേഗഗതി നിയമത്തിൽ(സി.എ.എ) അപേക്ഷകർക്ക് സാക്ഷ്യപത്രം വിതരണം ചെയ്ത് ആർ.എസ്.എസ് എന്‍.ജി.ഒ. രാജസ്ഥാനിലാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്ന പാകിസ്താനിൽനിന്ന് ഉൾപ്പെടെ എത്തിയ ഹിന്ദുക്കൾക്ക് സംഘ്പരിവാർ പ്രാദേശിക സംഘടന സീമാജൻ കല്യാൺ സമിതി സർട്ടിഫിക്കറ്റുകൾ നൽകുന്നത്. പൂജാരിമാർക്ക് മതം സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റുകൾ നൽകാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനു പിന്നാലെയാണു പുതിയ റിപ്പോർട്ട്.
ദേശീയ മാധ്യമമായ 'ദ ഹിന്ദു' ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. രാജസ്ഥാനിലെ പാകിസ്താൻ അതിർത്തിപ്രദേശങ്ങളായ ജൈസാൽമീർ, ബാർമർ, ജോധ്പൂർ എന്നിവിടങ്ങളിലാണ് സംഘടനയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്‌ക് നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച സി.എ.എ പോർട്ടൽ വഴി 330ഓളം പേരുടെ അപേക്ഷ സമർപ്പിച്ചെന്ന് സീമാജൻ കല്യാൺ സമിതി നേതാക്കൾ പ്രതികരിച്ചു.
പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കുമ്പോൾ പ്രാദേശികമായി അംഗീകരിക്കപ്പെടുന്ന ഒരു സമുദായ സംഘടന സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണമെന്നു പറയുന്നുണ്ട്. സത്യവാങ്മൂലം, മറ്റു രേഖകൾ എന്നിവയ്‌ക്കൊപ്പമാണ് ഇതും സമർപ്പിക്കേണ്ടത്. ഈ സാക്ഷ്യപത്രമാണ് രാജസ്ഥാനിലെ ആർ.എസ്.എസ് പോഷകസംഘം നൽകുന്നത്. സംഘടന രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരമുണ്ടെന്നുമാണ് അഭിഭാഷകനും സമിതി അംഗം കൂടിയായ വിക്രം സിങ് രാജ്പുരോഹിത് പ്രതികരിച്ചത്. തങ്ങൾ ഒരു സമുദായ സംഘടനയാണ്. അതുകൊണ്ടാണ് സംഘടനാ ഭാരവാഹികളിലൊരാളായ ത്രിഭുവൻ സിങ് റാത്തോഡ് സാക്ഷ്യപത്രം നൽകുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
സൗജന്യ പൗരത്വ അപേക്ഷാ ക്യാംപ് എന്ന പേരിലാണ് വിവിധ സ്ഥലങ്ങളിലായി ഹെൽപ്പ് ഡെസ്‌ക് നടക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 2010നുശേഷം ഇന്ത്യയിലേക്ക് നൂറുകണക്കിനുപേർ എത്തിയിട്ടുണ്ടെന്നും ഇവർക്കൊന്നും പൗരത്വം ലഭിച്ചിട്ടല്ലെന്നും വിക്രം സിങ് രാജ്പുരോഹിത് പറഞ്ഞു. ജോധ്പൂരിൽ മാത്രം ഇത്തരത്തിൽ 5,000-6,000ത്തോളം പേരുണ്ടെന്നും ഇദ്ദേഹം അവകാശപ്പെട്ടു.
രാജസ്ഥാനിൽ ജോധ്പൂർ, ജൈസാൽമീർ, ബികാനർ, ജയ്പ്പൂർ എന്നിവിടങ്ങളിലായി 400ഓളം പാകിസ്താനി ഹിന്ദു അഭയാർഥി കുടിയേറ്റ കേന്ദ്രങ്ങളുണ്ടെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഇവരെല്ലാം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചു കാത്തിരിക്കുകയാണ്.
2002ൽ രൂപീകൃതമായ ആർ.എസ്.എസ് അനുബന്ധ എൻ.ജി.ഒ ആണ് സീമാജൻ കല്യാൺ സമിതി. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് എത്തുന്ന ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നേടിക്കൊടുക്കാൻ വേണ്ട സഹായങ്ങൾ നൽകാനാണു സംഘടന രൂപീകരിച്ചത്. രാജ്യത്തെ അതിർത്തി പ്രദേശങ്ങളിൽ കഴിയുന്നവരുടെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണുകയും സംഘടനയുടെ സ്ഥാപിത ലക്ഷ്യമായി പറയുന്നുണ്ട്.
അതേസമയം, ആർ.എസ്.എസ് സംഘടനയ്ക്ക് സാക്ഷ്യപത്രം നൽകാനുള്ള അധികാരം കൈമാറിയതിൽ വിമർശനവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സി.എ.എ പ്രകാരം ഇപ്പോൾ ആർ.എസ്.എസ്സും ബി.ജെ.പിയുമാണ് ആരൊക്കെയാണ് ഹിന്ദുവെന്നും ഇന്ത്യൻ പൗരനാകാൻ യോഗ്യരെന്നും തീരുമാനിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ വിമർശിച്ചു. ഇതു ഞെട്ടിപ്പിക്കുന്നതാണ്. സി.എ.എ വിജ്ഞാപനം ഇറങ്ങുകയും നടപ്പാക്കുകയും ചെയ്തതിനുശേഷം ഓരോ ദിവസവും ദുരൂഹമായ വെളിപ്പെടുത്തലുകളാണു വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാദേശിക പൂജാരിമാരോ പുരോഹിതന്മാരോ നൽകുന്ന സർട്ടിഫിക്കറ്റ് മതത്തിനു തെളിവായി ഉപയോഗിക്കാമെന്ന് നേരത്തെ മോദി സർക്കാർ പറഞ്ഞിരുന്നുവെന്നും സാകേത് ചൂണ്ടിക്കാട്ടി. ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കുന്നവർക്ക് രാജസ്ഥാനിൽ ആർ.എസ്.എസ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരാൾ ഹിന്ദുവാണെന്നോ ഇന്ത്യൻ പൗരത്വത്തിന് അർഹനാണെന്നോ തീരുമാനിക്കാനുള്ള അധികാരം എന്തിന്റെ അടിസ്ഥാനത്തിലാണ് ആർ.എസ്.എസ്സിനു നൽകുന്നത്? ആർഎസ്.എസ്സിനെ ജനങ്ങൾക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്ന ഏക അതോറിറ്റിയായി മോദി സർക്കാർ പെട്ടെന്നൊരു ദിവസം പ്രഖ്യാപിച്ചാലും അത്ഭുതപ്പെടേണ്ടെന്നും തൃണമൂൽ രാജ്യസഭാ എം.പി കൂടിയായ സാകേത് ഗോഖലെ വിമർശിച്ചു.
മതസംഘടനകൾ പൗരത്വ യോഗ്യത സാക്ഷ്യപ്പെടുത്തുന്ന നടപടി അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരാൾ ഹിന്ദുവാണെന്നതൊന്നും ഇവിടെ കാര്യമല്ല. ഒരാൾ ഹിന്ദുവാണെന്നോ ഇന്ത്യൻ പൗരത്വത്തിന് അർഹനാണെന്നോ തീരുമാനിക്കാനുള്ള അധികാരമുള്ള അംഗീകൃത സംഘടനയായി പതുക്കെ ആർ.എസ്.എസ് മാറുമെന്നാണ് ഈ പുതിയ പ്രവണത കാണിക്കുന്നത്. സി.എ.എയ്ക്കു പിന്നാലെ എൻ.ആർ.സിയും വരുമെന്ന് 2019ൽ അമിത് ഷാ പ്രഖ്യാപിച്ച കാലക്രമം പരിഗണിക്കുമ്പോൾ ഇത് അപകടകരമാണെന്നും തൃണമൂൽ നേതാവ് കൂട്ടിച്ചേർത്തു.
Summary: Seemajan Kalyan Samiti, an RSS-affiliated group, issues CAA eligibility certificates to Pakistan Hindus in Rajasthan