ആർ.എസ്.എസിന് സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കുമില്ല; സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് സ്റ്റൈപൻഡ് വാങ്ങിയിരുന്നു; രാഹുൽ ഗാന്ധി
|ബിജെപി രാജ്യത്ത് വിദ്വേഷവും അക്രമവും വളർത്തുകയാണെന്ന് കുറ്റപ്പെടുത്തിയ രാഹുൽ, ഇത് ദേശവിരുദ്ധ നടപടിയാണെന്നും വ്യക്തമാക്കി.
ബെംഗളുരു: ഭാരത് ജോഡോ യാത്രയിൽ ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർ.എസ്.എസിനും ബി.ജെ.പിക്കും സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കുമില്ലെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. ആർ.എസ്.എസ് നേതാക്കൾ ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തതെന്നും സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് സ്റ്റൈപൻഡ് കൈപ്പറ്റിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രയുടെ കർണാടക തുംകൂറിലെ റാലിയോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരത്തിലെ ബി.ജെ.പി, ആർ.എസ്.എസ് പങ്കിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രാഹുലിന്റെ പ്രതികരണം.
'അക്കാലത്ത് ബിജെപി ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കും അവർക്കില്ല. ഞാൻ മനസിലാക്കിയിടത്തോളം ആർഎസ്എസും സവർക്കറും ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തത്. സവർക്ക് ബ്രിട്ടീഷുകാരിൽ നിന്ന് സ്റ്റൈപൻഡ് വാങ്ങുകയും ചെയ്തിരുന്നു. അന്നെവിടെയും ബിജെപിയുടെ മുൻഗാമികൾ ഉണ്ടായിരുന്നേയില്ല. ഈ സത്യങ്ങൾ ബിജെപിക്ക് മൂടിവയ്ക്കാനാവില്ല. കോൺഗ്രസും അതിന്റെ നേതാക്കളുമാണ് സ്വാതന്ത്ര്യത്തിനായി പോരാടിയത്- രാഹുൽ പറഞ്ഞു.
ബിജെപി രാജ്യത്ത് വിദ്വേഷവും അക്രമവും വളർത്തുകയാണെന്ന് കുറ്റപ്പെടുത്തിയ രാഹുൽ, ഇത് ദേശവിരുദ്ധ നടപടിയാണെന്നും വ്യക്തമാക്കി. വിദ്വേഷവും അക്രമവും വളർത്തുന്ന ആരോടും പോരാടുമെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ ഒരു ഫാസിസ്റ്റ് സംഘടനയല്ല. ഞങ്ങൾ സംവാദങ്ങളെ വിലമതിക്കുകയും എതിർ കാഴ്ചപ്പാടുകളെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന പാർട്ടിയാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഒരു ടീമായി പ്രവർത്തിക്കണമെന്ന് ഞങ്ങൾ മനസിലാക്കുന്നു'- അദ്ദേഹം പറഞ്ഞു.
കർണാടക തെരഞ്ഞെടുപ്പിൽ പാർട്ടി അനായാസം വിജയിക്കുമെന്നും ബിജെപി ഭരണത്തിനു കീഴിൽ തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം ജനങ്ങൾ മടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. അഞ്ച് മാസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ പ്രയാണം നടത്തുന്ന ഭാരത് ജോഡോ യാത്ര കന്യാകുമാരിയിൽ നിന്ന് കശ്മീർ വരെ 3500 കി.മീ ആണ് സഞ്ചരിക്കുക. കർണാടകയിൽ 21 ദിവസം യാത്രയുടെ പ്രയാണം.