ഹിറ്റ്‌ലർ ജൂതൻമാരെയെന്നപോലെ ആർഎസ്എസ് മുസ്‌ലിംകളെ ലക്ഷ്യമിടുന്നു: ദിഗ്‌വിജയ് സിങ്
|'ജാമ്യമാണ് നിയമം, ജയിൽ അപവാദമാണ്' എന്ന് സമീപകാലത്ത് പോലും സുപ്രിംകോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ മുസ്‌ലിംകളുടെ കാര്യത്തിൽ ജാമ്യം അപവാദമായി മാറിയിരിക്കുകയാണെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.
ന്യൂഡൽഹി: അഡോൾഫ് ഹിറ്റ്‌ലർ ജർമനിയിൽ ജൂതൻമാരെ വേട്ടയാടിയതുപോലൊണ് ഇന്ത്യയിൽ ആർഎസ്എസ് മുസ്‌ലിംകളെ ലക്ഷ്യമിടുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ജയിലിൽ കഴിയുന്ന ജെഎൻയു വിദ്യാർഥി ഉമർ ഖാലിദ് അടക്കമുള്ളവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഞാൻ ആർ.എസ്.എസിന്റെ 'നഴ്‌സറി' എന്ന് വിളിക്കപ്പെടുന്ന ഒരു പ്രദേശത്ത് നിന്നാണ് വരുന്നത്. എനിക്ക് അവരെ അടുത്തറിയാം. അവർ ജനാധിപത്യത്തിലോ ഭരണഘടനയിലോ വിശ്വസിക്കുന്നില്ല. ഹിറ്റ്‌ലർ ജൂതൻമാരെ ലക്ഷ്യമിട്ടതുപോലെ അവർ മുസ്‌ലിംകളെ ലക്ഷ്യമിടുന്നു. അത്തരമൊരു പ്രത്യയശാസ്ത്രം എല്ലാ തലങ്ങളിലും നുഴഞ്ഞുകയറുന്നത് ജനാധിപത്യത്തിന് അപകടകരമാണ്. ആർഎസ്എസ് രജിസ്റ്റർ ചെയ്യാത്ത ഒരു സ്ഥാപനമാണ്. അതിന് അംഗത്വമോ അക്കൗണ്ടോ ഇല്ല. ആരെങ്കിലും പിടിക്കപ്പെട്ടാൽ ഗോഡ്‌സെയെ അറസ്റ്റ് ചെയ്തപ്പോൾ പ്രവർത്തിച്ചതുപോലെ അവർ അവനെ അംഗമായി അംഗീകരിക്കാൻ വിസമ്മതിക്കും. അവർ നമ്മുടെ വ്യവസ്ഥിതിയിൽ എല്ലായിടത്തും കടന്നുകയറിക്കഴിഞ്ഞു. ഇതിനെക്കുറിച്ച് ഗൗരവമായി ആത്മപരിശോധന നടത്തണം''-സിങ് പറഞ്ഞു.
ഉമർ ഖാലിദ് അടക്കമുള്ള ആക്ടിവിസ്റ്റുകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നത് മുസ്‌ലിംകൾ മാത്രമാണ്. അതുകൊണ്ടാണ് അവർക്ക് ജാമ്യം ലഭിക്കാത്തത്. 'ജാമ്യമാണ് നിയമം, ജയിൽ അപവാദമാണ്' എന്ന് സമീപകാലത്ത് പോലും സുപ്രിംകോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ മുസ്‌ലിംകളുടെ കാര്യത്തിൽ ജാമ്യം അപവാദമായി മാറിയിരിക്കുകയാണെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.
ഉമർ ഖാലിദിന്റെ പിതാവ് എസ്.ക്യു.ആർ ഇല്യാസ് യുഎപിഎ പോലുള്ള കർശനമായ നിയമങ്ങളെക്കുറിച്ച് ആശങ്ക പങ്കുവെച്ചു. അത് ഉമർ ആയാലും ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായവരായാലും...പാർലമെന്റിനുള്ളിൽ രൂപപ്പെടുത്തിയ ഈ കിരാത നിയമങ്ങൾ ഭീകരത തടയാൻ വേണ്ടിയുള്ളതാണ്. പക്ഷേ അവ ഉപയോഗിക്കുന്നത് സാധാരണക്കാർക്ക് എതിരെയാണ്. ബിജെപി പോട്ട കൊണ്ടുവന്നു. കോൺഗ്രസ് അത് റദ്ദാക്കി. എന്നാൽ യുഎപിഎ പ്രകാരം അതിന്റെ എല്ലാ വ്യവസ്ഥകളും പിന്നീട് തിരികെ കൊണ്ടുവന്നുവെന്നും ഇല്യാസ് പറഞ്ഞു. വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിൽ ഒരാൾ നിരപരാധിയാണെന്ന് കണ്ടെത്തുമ്പോൾ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഡൽഹി പൊലീസ് കേസിലെ സാക്ഷികൾക്ക് ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ തുടങ്ങിയ പേരുകൾ ഉപയോഗിക്കുന്നതിനെയും അദ്ദേഹം പരിഹസിച്ചു.
ജയിലുകളിൽ കഴിയുന്ന പ്രവർത്തകരെ ഒരുനാൾ ജനാധിപത്യത്തിന്റെ യോദ്ധാക്കളായി കാണുമെന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു. അടിയന്തരാവസ്ഥയിൽ അറസ്റ്റിലായവരെ ജനാധിപത്യത്തിന്റെ യോദ്ധാക്കളായാണ് കണ്ടിരുന്നത്. ഇന്നും അതേ അവസ്ഥയാണ്. ഷഹീൻ ബാഗിലെ പൗരത്വ വിരുദ്ധ പ്രതിഷേധങ്ങൾ 'തുല്യ പൗരത്വ പ്രസ്ഥാനം' ആണെന്നും രാജ്യം ഇപ്പോൾ ഒരു തുറന്ന ജയിലായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയതിനാണ് ഖാലിദ് സൈഫിയെ ജയിലിലടച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ നർഗീസ് സൈഫി പറഞ്ഞു. നാലര വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന് ജാമ്യമില്ല. തന്റെ മക്കൾ പിതാവില്ലാതെ വളരുകയാണ്. അതേസമയം ബലാത്സംഗം, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടവരെ ജാമ്യത്തിൽ വിട്ടയക്കുകയാണെന്നും അവർ പറഞ്ഞു. ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ ഗൾഫിഷ ഫാത്തിമയുടെ മാതാവ് ശാക്കിറ ബീഗം തനിക്ക് സംസാരിക്കാനുള്ള ധൈര്യമില്ലെന്ന് പറഞ്ഞു.
ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് അതാർ ഖാന്റെ മാതാവ് നൂർജഹാൻ ഒന്നര വർഷമായി തനിക്ക് മകനുമായി വിഡിയോ കോളിൽ പോലും ആശയവിനിമയം നടത്താൻ കഴിയുന്നില്ലെന്ന് വെളിപ്പെടുത്തി. ജയിലിൽ ആരോ നിരാഹാര സമരം നടത്തി. അതിന് അവർ എന്റെ മകനെ കുറ്റപ്പെടുത്തി. ഒന്നര വർഷമായി അവർ ഞങ്ങൾക്ക് വിഡിയോ കോളുകൾ അനുവദിക്കുന്നില്ല. പ്രായമായ മുത്തശ്ശിമാർക്ക് അവനെ കാണാൻ കഴിയുന്നില്ലെന്നും നൂർജഹാൻ പറഞ്ഞു.
നടി സ്വര ഭാസ്‌കർ, സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്ര, സഞ്ജയ് രജൗര എന്നിവരും ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റുകൾക്ക് പിന്തുണ അറിയിച്ചു. ഷർജീൽ ഇമാം, ഖാലിദ് സൈഫി, ഉമർ ഖാലിദ് തുടങ്ങിയവർക്കെതിരെ തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ വടക്ക്-കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിന്റെ സൂത്രധാരൻമാർ ഇവരാണെന്നാണ് ഡൽഹി പൊലീസ് ആരോപിക്കുന്നത്.