ഇന്ത്യയെ ലോകത്തിന് മുഴുവൻ മാതൃകയായ സമൂഹമാക്കി മാറ്റാനാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്: മോഹൻ ഭഗവത്
|സംഘ്പരിവാർ പ്രവർത്തകർ സ്വന്തം കാര്യത്തെക്കുറിച്ച് മാത്രം ചിന്തിക്കാതെ സമൂഹത്തിനുവേണ്ടി പ്രവർത്തിക്കണമെന്നും മോഹൻ ഭഗവത് പറഞ്ഞു.
ന്യൂഡൽഹി: സമൂഹത്തെ ഉണർത്താനും ഏകീകരിക്കാനുമാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്നും, അതിലൂടെ ഇന്ത്യക്ക് ലോകത്തിന് മുഴുവൻ മാതൃകയായ സമൂഹമായി ഉയർന്നുവരാൻ കഴിയുമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ആർഎസ്എസ് ഡൽഹി ഘടകം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ ഉണർത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിലൂടെ കൂടുതൽ സംഘടിതമായ ഒരു അസ്തിത്വത്തിലേക്ക് മാറാനാണ് സംഘ്പരിവാർ പ്രവർത്തിക്കുന്നത്. അതുവഴി ഇന്ത്യക്ക് ലോകത്തിന് മൊത്തം മാതൃകയായ ഒരു സമൂഹമായി മാറാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി വിവിധ വിഭാഗങ്ങളിൽപ്പെട്ട നിരവധി വ്യക്തികൾ ത്യാഗം ചെയ്യുകയും സംഭാവനകളർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഒരു സമൂഹമെന്ന നിലയിലേക്ക് മാറാൻ നമ്മൾ കൂടുതൽ സമയമെടുത്തു. ഒരു സമൂഹമായി ചിന്തിക്കുകയെന്നത് ഇന്ത്യക്കാരുടെ ഡിഎൻഎയിലുള്ളതാണ്, അതിനെ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.