ഇൻഫോസിസിനെതിരെ ലേഖനം; ആർ.എസ്.എസിൽ ശീതയുദ്ധം
|പാഞ്ചജന്യ മാസികയെ തള്ളി ആർ.എസ്.എസ് പ്രചാർ പ്രമുഖ്; പിന്തുണച്ച് ജോയിൻറ് സെക്രട്ടറി
ന്യൂഡൽഹി: ഇന്ത്യൻ ഐടി കമ്പനിയായ ഇൻഫോസിസിനെ വിമർശിച്ച് ലേഖനം പ്രസിദ്ധീകരിച്ച പാഞ്ചജന്യ മാസികയെ തള്ളി ആർ.എസ്.എസ് പ്രചാർ പ്രമുഖ് സുനിൽ അബേംദ്കർ, പിന്തുണച്ച് ജോയിൻറ് സെക്രട്ടറി മൻമോഹൻ വൈദ്യ.
പഞ്ചജന്യ ധർമ യുദ്ധത്തിന്റെ ശംഖ്‌നാദമാണെന്ന് ആർ.എസ്.എസ് നേതാവ് മൻമോഹൻ വൈദ്യ പ്രസ്താവന നടത്തിയത്. പാഞ്ചജന്യ ആർ.എസ്.എസ് മുഖപത്രമല്ലെന്നും ലേഖനം വ്യക്തിപരമായ അഭിപ്രായമാണെന്നും പറയുന്ന ട്വീറ്റിലൂടെ സുനിൽ അബേംദ്കർ മാസികയെ തള്ളിപ്പറഞ്ഞതിന്റെ പിറ്റേന്നാണ് ജോയിൻറ് സെക്രട്ടറിയുടെ ഈ അഭിപ്രായപ്രകടനം. സെപ്തംബർ ആറിന് മയൂർ വിഹാറിൽ മാസികയുടെ പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൈദ്യ.
പാഞ്ചജന്യ ധർമ യുദ്ധത്തിന്റെ ശംഖ്‌നാദമാണ്. തിന്മയുടെ ഭാഗത്ത് നല്ല വ്യക്തികളുണ്ടാകാം, അവർക്കെതിരെയും നിങ്ങൾ അമ്പുകളെയ്യേണ്ടി വരും -അദ്ദേഹം പറഞ്ഞു.
ഇന്ത്യയോട് ശത്രുത പുലർത്തുന്നവർക്കെതിരെ ദേശീയ വീക്ഷണം ശക്തിയാർജിച്ച് വരികയാണെന്നും ഇത് ഏറെ കാലം നീണ്ടുനിൽക്കുന്ന യുദ്ധമാണെന്നും പാഞ്ചജനന്യയുടെ ഫേസ്ബുക്ക് പേജിലൂടെ ലൈവായും പിന്നീട് റെക്കോർഡ് ചെയ്തും പുറത്തുവിട്ട പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
പഞ്ചജന്യയുടെ സെപ്തംബർ അഞ്ചിനിറങ്ങിയ ലക്കത്തിലെ ലേഖനത്തിൽ ഇൻഫോസിസ് നിയന്ത്രണത്തിലുള്ള, ഇന്ത്യയുടെ ആദായ നികുതി ഫയലിങ് വെബ്‌സൈറ്റുകളിലെ തകരാറുകൾക്ക് പിന്നിൽ ദേശവിരുദ്ധ ഗൂഢാലോചന ഉണ്ടെന്നും വിമർശിച്ചിരുന്നു. തുടർന്ന് വിവാദ ലേഖനത്തിന് സംഘടനയുമായി ബന്ധമില്ലെന്നും ലേഖകന്റെ മാത്രം അഭിപ്രായമാണതെന്നും സുനിൽ അബേംദ്കർ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇന്ത്യൻ കമ്പനിയെന്ന നിലയിൽ രാജ്യത്തിന്റെ പുരോഗതിയിൽ അവരും സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാഞ്ചജന്യ ആർ.എസ്.എസ് മുഖപത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പാഞ്ചജന്യ ഓഫിസ് ഉദ്ഘാടന സദസ്സിൽ ബി.ജെ.പിയുടെ മുൻ ജനറൽ സെക്രട്ടറി രാം മാധവ്, ചേതൻ അറോറ, ഡെൽഹി ബി.ജെ.പി തലവൻ ആദേശ് ഗുപ്ത, സതിഷ് മിശ്ര, ഭഗവാൻ ദാസ് തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ഭാരത് പ്രകാശനാണ് പാഞ്ചജന്യയും ഓർഗനൈസറും പുറത്തിറക്കുന്നത്. എന്നാൽ സംഘടന ഓദ്യോഗികമായി ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്.
സ്വയംസേവക് പ്രവർത്തകർ ഒമ്പത് പ്രസിദ്ധീകരണങ്ങൾ നടത്തുന്നുണ്ടെന്ന് ഒരു മുതിർന്ന നേതാവ് പറഞ്ഞു. അവയെല്ലാം ഔദ്യോഗികമായി ആർ.എസ്.എസ്സിന്റെ ഭാഗമല്ലെന്നും പലപ്പോഴും അവ സംഘടനാ ആശയങ്ങൾ സംസാരിക്കാറുണ്ടെന്നും അല്ലാത്ത വിഷയങ്ങളും കൈകാര്യം ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.