തമിഴ്‌നാട്ടിലെ റൂട്ട് മാർച്ച് റദ്ദാക്കി ആർ.എസ്.എസ്
|കർശന നിബന്ധനകളോടെ മാർച്ച് നടത്താന്‍ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു
ചെന്നൈ: തമിഴ്‌നാട്ടിലെ റൂട്ട് മാർച്ച് റദ്ദാക്കി ആർ.എസ്.എസ്. മദ്രാസ് ഹൈക്കോടതിയിൽനിന്ന് അനുമതി ലഭിച്ചതിനു പിന്നാലെയാണ് നാളെ നടക്കേണ്ട മാർച്ച് റദ്ദാക്കിയതായി ആർ.എസ്.എസ് സംസ്ഥാന ഘടകം അറിയിച്ചത്. കോടതി ഉത്തരവ് സ്വീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
മാർച്ച് റദ്ദാക്കിയ വിവരം പ്രസ്താവനയിലൂടെയാണ് ആർ.എസ്.എസ് അറിയിച്ചത്. കോടതിവിധിക്കെതിരെ ഹരജി നൽകുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഇന്നലെ നിബന്ധനകളോടെയായിരുന്നു തമിഴ്‌നാട്ടിലെ 44 സ്ഥലങ്ങളിൽ റൂട്ട് മാർച്ച് നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയത്. ഗ്രൗണ്ടിലോ അടച്ചിട്ട സ്ഥലത്തോ പരിപാടി നടത്താനായിരുന്നു കോടതി നിർദേശിച്ചത്.
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിനായിരുന്നു നേരത്തെ ആർ.എസ്.എസ് റൂട്ട് മാർച്ച് പ്രഖ്യാപിച്ചത്. എന്നാൽ, ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നൽകിയില്ല. സർക്കാർ നടപടിക്കെതിരെ പിന്നീട് ആർ.എസ്.എസ് കോടതിയെ സമീപിക്കുകയായിരുന്നു.
കശ്മിരിലും ബംഗാളിലും കേരളത്തിലുമടക്കം തുറന്ന സ്ഥലങ്ങളിലാണ് റൂട്ട് മാർച്ച് നടക്കുന്നതെന്ന് വാർത്താകുറിപ്പിൽ ആർ.എസ്.എസ് നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതിനാൽ, നവംബർ ആറിന് നിശ്ചയിച്ച പരിപാടി നടത്തുന്നില്ല. കോടതി വിധിക്കെതിരെ ഹരജി നൽകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
50 സ്ഥലങ്ങളിൽ മാർച്ച നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ, ഇതിൽ മൂന്നിടത്തു മാത്രം പരിപാടി നടത്താൻ തമിഴ്‌നാട് സർക്കാർ പിന്നീട് അനുമതി നൽകി. ഇതിനെതിരെ സംഘ്പരിവാർ നേതാക്കൾ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, ക്രമസമാധാന പ്രശ്‌നങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കോയമ്പത്തൂർ, പൊള്ളാച്ചി, നാഗർകോവിൽ എന്നിവിടങ്ങളിൽ പരിപാടിക്ക് കോടതി അനുമതി നൽകിയില്ല. മറ്റിടങ്ങളിൽ കർശനമായ നിബന്ധനകളോടെ പരിപാടിക്ക് അനുമതിയും നൽകുകയായിരുന്നു.
Summary: RSS cancels Tamil Nadu route march after restrictions imposed by Madras High Court