India
RSS chief Mohan Bhagwat calls to focus on non-Hindu groups to expand base, RSS to Muslims, RSS Muslim-Christian outreach, RSS to non-Hindus, Mohan Bhagwat

മോഹന്‍ ഭാഗവത്

India

'മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും ഇടയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം'; ആർ.എസ്.എസ് പ്രവർത്തകരോട് മോഹൻ ഭാഗവത്

Web Desk
|
25 Sep 2023 6:49 AM GMT

പള്ളിയും ചർച്ചും ഗുരുദ്വാരയും സന്ദർശിക്കാനും അവരുടെ വിശ്വാസം നേടാനും പ്രവർത്തകർക്ക് നിർദേശമുണ്ട്

ലഖ്‌നൗ: മുസ്‌ലിം, ക്രിസ്ത്യൻ, സിഖ് ഉൾപ്പെടെയുള്ള ഹിന്ദു ഇതര വിഭാഗങ്ങൾക്കിടയിൽ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പ്രവർത്തകർക്ക് ആഹ്വാനവുമായി ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. മസ്ജിദുകളും ചർച്ചുകളും ഗുരുദ്വാരകളും സന്ദർശിക്കാനും നിർദേശമുണ്ട്. ഹിന്ദുക്കളെ മാത്രമല്ല, എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് പാർട്ടിയെന്ന മതിപ്പുണ്ടാക്കാൻ അതിനായി അവർക്കിടയിലേക്ക് ഇറങ്ങണമെന്നും ഭാഗവത് പറഞ്ഞു.

യു.പി ലഖ്‌നൗവിലെ സരസ്വതി ശിശുമന്ദിരത്തിൽ നടന്ന ആർ.എസ്.എസ് പ്രചാരകുമാരുടെ ത്രിദിന ക്യാംപിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. ക്യാംപിന്റെ ഭാഗമായി നടന്ന സാമാജിക് സദ്ഭാവ് യോഗത്തിലെ തീരുമാനമാണു സമാപനത്തിൽ ഭാഗവത് പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് ഹിന്ദു ഇതര വിഭാഗങ്ങൾക്കിടയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആർ.എസ്.എസ് നേതൃതലത്തിൽനിന്നുള്ള ആഹ്വാനമുണ്ടാകുന്നത്.

മറ്റു വിഭാഗങ്ങൾക്കിടയിൽ ഗൗരവത്തോടെയും സജീവമായും പ്രവർത്തിക്കാനുള്ള ആഹ്വാനമാണു വന്നിരിക്കുന്നതെന്നാണ് ഒരു മുതിർന്ന സംഘ് നേതാവ് വാർത്താ ഏജൻസിയായ 'ഐ.എ.എൻ.എസ്സി'നോട് പ്രതികരിച്ചത്. കുറച്ചുനാളായി സംഘ്പരിവാറിന് ഇത്തരമൊരു അജണ്ടയുണ്ട്. പസ്മാന്ദ മുസ്‌ലിംകൾ അടക്കമുള്ളവർക്കിടയിൽ പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ബി.ജെ.പി പ്രവർത്തകരോട് നിർദേശിക്കുകയും ചെയ്തിണ്ട്. രാഷ്ട്രീയ മുസ്‌ലിം മഞ്ച് എന്ന പേരിൽ പ്രത്യേക വിഭാഗവും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതരവിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള രാഷ്ട്രീയ തീരുമാനം വരുന്നത് ഇതാദ്യമായാണ്.

ഇതോടൊപ്പം ദലിതുകൾക്കിടയിൽ പ്രവർത്തനം ശക്തമാക്കാനും നിർദേശം വന്നിട്ടുണ്ട്. സർക്കാർ ക്ഷേമപദ്ധതികൾ നേടിക്കൊടുക്കാനും സഹായിക്കണം. അവരുടെ പ്രശ്‌നങ്ങൾ കേട്ടു പരിഹാരമുണ്ടാക്കാൻ ശ്രമിക്കണം. ദലിത് ഭൂരിപക്ഷ മേഖലകളിൽ കൂടുതൽ ശാഖകൾ ആരംഭിക്കണം. സ്ത്രീകൾക്കു വേണ്ടി പ്രത്യേക സമ്മേളനങ്ങൾ നടത്താനും നിർദേശം വന്നിട്ടുണ്ട്.

ആർ.എസ്.എസ് ശതാബ്ദി പൂർത്തീകരിക്കാനിരിക്കെയാണ് ഇങ്ങനെയൊരു നിലപാടുമാറ്റമെന്നാണു രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. മോദി സർക്കാർ രണ്ടാം ഊഴം പൂർത്തിയാക്കാനുമിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആർ.എസ്.എസ്സും ബി.ജെ.പിയും ഹിന്ദുക്കൾക്കു വേണ്ടി മാത്രമുള്ളതല്ലെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന പാർട്ടികളാണെന്നുമുള്ള ഒരു പൊതുബോധം സൃഷ്ടിക്കൽ ആവശ്യമാണെന്ന വിലയിരുത്തലുണ്ടാകുന്നത്. നേതൃത്വത്തിന്റെ ആഹ്വാനം വന്നുകഴിഞ്ഞതിനാൽ പ്രവർത്തകർ ദൗത്യം ഏറ്റെടുത്ത് സജീവമായി രംഗത്തിറങ്ങുമെന്നാണ് ഒരു ആർ.എസ്.എസ് നേതാവ് പ്രതികരിച്ചത്.

Summary: RSS chief Mohan Bhagwat calls to focus on non-Hindu groups to expand base

Similar Posts