‘മുസ്‍ലിം ജനസംഖ്യ വർധിക്കുന്നു; ദേശീയ ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന് ആർ.എസ്.എസ് വാരിക
|‘രാഹുൽ ഗാന്ധിയെ പോലുള്ള രാഷ്ട്രീയക്കാർക്ക് ഹിന്ദു വികാരങ്ങളെ അവഹേളിക്കാൻ സാധിക്കുന്ന സാഹചര്യമാണ്’
ന്യൂഡൽഹി: ചില പ്രദേശങ്ങളിൽ മുസ്‍ലിംകൾ വർധിക്കുന്നതിനാൽ ജനസംഖ്യാ അസന്തുലിതാവസ്ഥയുണ്ടെന്നും സമഗ്രമായ ദേശീയ ജനസംഖ്യാ നിയന്ത്രണ നയം അവതരിപ്പിക്കണമെന്നും ആർ.എസ്.എസ് വാരിക ‘ഓർഗനൈസർ’. വാരികയുടെ ഏറ്റവും പുതിയ ലക്കത്തിന്റെ എഡിറ്റോറിയലിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.
ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് അതിർത്തി മേഖലകളിൽ മുസ്‍ലിംകളിൽ ഗണ്യമായ ജനസംഖ്യാ വർധനവുണ്ട്. അനധികൃത കുടിയേറ്റം കാരണം പശ്ചിമ ബംഗാൾ, ബിഹാർ, അസ്സം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ അസ്വാഭാവിക ജനസംഖ്യാ വർധനവിനാണ് സാക്ഷ്യം വഹിക്കുന്നത്. ഈ പ്രവണതയെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തണമെന്നും എഡിറ്റോറിയൽ ആവശ്യപ്പെടുന്നു.
രാഹുൽ ഗാന്ധിയെ പോലുള്ള രാഷ്ട്രീയക്കാർക്ക് ഇടക്കിടക്ക് ഹിന്ദു വികാരങ്ങളെ അവഹേളിക്കാൻ സാധിക്കുന്നു. ഇസ്‍ലാമിസ്റ്റുകൾ സ്ത്രീകൾക്കെതിരെ നടത്തുന്ന അതിക്രമങ്ങളെയെല്ലാം അംഗീകരിച്ച് മമത ബാനർജി മുസ്‍ലിം കാർഡ് കളിക്കുന്നു. ദ്രവീഡിയൻ പാർട്ടികൾക്ക് സനാതന ധർമത്തെ അവേളിക്കാൻ കഴിയുന്നു. ജനസംഖ്യാ അസന്തുലിതാവസ്ഥ കാരണമുണ്ടായ ന്യൂനപക്ഷ വോട്ട് ഏകീകരണത്തിന്റെ വിശ്വാസത്തിലാണ് ഇതെല്ലാം അവർ നടത്തുന്നത്.
ജനസംഖ്യാ വർധനവ് ഏതെങ്കിലും മതവിഭാഗത്തെയോ സമുദായത്തെയോ പ്രദേശത്തെയോ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പാക്കാനാവശ്യമായ നയങ്ങൾ വേണം. അല്ലാത്തപക്ഷം അത് സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾക്കും രാഷ്ട്രീയ സംഘർഷങ്ങൾക്കും കാരണമാകും. അന്താരാഷ്ട്ര സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ, കൺസൾട്ടൻസി ഏജൻസികൾ എന്നിവരുടെ വിദേശ അജണ്ടകൾ സ്വീകരിക്കാതെ രാജ്യത്തെ വിഭവങ്ങൾ ഉപയോഗിച്ച് ജനസംഖ്യാ നിയന്ത്രണം നയം രൂപീകരിക്കണമെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടി.