അനധികൃത മദ്യക്കച്ചവടം പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവർത്തകനെ മാരകമായി ആക്രമിച്ചു
|രാജസ്ഥാനിലെ ബാർമർ ജില്ലയിലെ പരേയു ഗ്രാമത്തിലാണ് സംഭവം
രാജസ്ഥാനിൽ നിന്ന് അനധികൃത മദ്യക്കച്ചവടം പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവർത്തകനെ അക്രമികൾ ക്രൂരമായി ആക്രമിച്ചു. അമ്രാ രാം ഗോദര എന്നയാളെയാണ് ആക്രമിച്ചത്. ഇയാളുടെ കാലിൽ പ്രതികൾ നഖം കൊണ്ട് തുളച്ചുകയറ്റുകയും ചെയ്തു. പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റതിനാൽ ജോധ്പൂരിലേക്ക് ഇയാളെ റഫർ ചെയ്തിട്ടുണ്ട്. മെഡിക്കൽ റിപ്പോർട്ട് വന്നതിന് ശേഷമേ പരുക്കിന്റെ ആഴം വ്യക്തമാകൂ. രാജസ്ഥാനിലെ ബാർമർ ജില്ലയിലെ പരേയു ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
ഈ പ്രദേശങ്ങളിൽഅനധികൃത മദ്യക്കച്ചവടം നടക്കുന്നതായി അമ്രാ രാം ഗോദര അടുത്തിടെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് അമ്രാ രാം ഗോദരയെ ആറുപേരടങ്ങുന്ന സംഘം തട്ടികൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്.മദ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും ഗോദര പറഞ്ഞിരുന്നു.ഇതുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനധികൃത മദ്യക്കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഗോദരയുടെ സഹപ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രാജസ്ഥാൻ ഡിജിപിയോട് ആക്രമണത്തെക്കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്.