പീഡനക്കേസ്: സന്ദീപ് സിങ് ദേശീയ പതാക ഉയർത്തുന്നത് തടയാൻ ശ്രമം; എൻസിപി വിദ്യാർഥി നേതാവ് അറസ്റ്റിൽ
|ദേശീയ ഗെയിംസ് സർട്ടിഫിക്കറ്റിലെ അപാകത മാറ്റാൻ സഹായിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തി എന്നാണ് സന്ദീപ് സിങ്ങിനെതിരായ പരാതി
ഹരിയാന: പീഡനക്കേസിൽ അകപ്പെട്ട ഹരിയാന മന്ത്രി സന്ദീപ് സിങ് ദേശീയ പതാക ഉയർത്തുന്നത് തടയാൻ ശ്രമം. എൻസിപി വിദ്യാർഥി വിഭാഗം ദേശീയ അധ്യക്ഷ സോണിയ ദുഹാൻ ആണ് മന്ത്രിയെ തടയാൻ ശ്രമിച്ചത്. സോണിയയെ പൊലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തു. സ്വന്തം മണ്ഡലമായ പിഹോവയിലാണ് സന്ദീപ് പതാക ഉയർത്തിയത്. മന്ത്രിയെ തടയാൻ ശ്രമിച്ച സോണിയയെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോവുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ഹരിയാന കായിക മന്ത്രിയും മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായ സന്ദീപ് സിങ് വകുപ്പൊഴിഞ്ഞിരുന്നു. വനിതാ കായിക താരത്തിൻറെ പീഡന പരാതിയിൽ ചണ്ഡിഗഡ് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കായിക വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
ദേശീയ ഗെയിംസ് സർട്ടിഫിക്കറ്റിലെ അപാകത മാറ്റാൻ സഹായിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തി എന്നാണ് കായിക താരത്തിൻറെ പരാതി. ഒരു ജിമ്മിൽ വച്ചാണ് മന്ത്രിയെ ആദ്യമായി കണ്ടതെന്നും തുടർന്ന് ഇൻസ്റ്റഗ്രാമിലൂടെ മന്ത്രി തനിക്ക് നിരന്തരം സന്ദേശങ്ങൾ അയച്ചതായും പരാതിക്കാരി പറഞ്ഞു. അത്ലറ്റിക് കോച്ച് കൂടിയായ യുവതി വാർത്താസമ്മേളനം നടത്തിയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തനിക്ക് ഭീഷണിയുള്ളതിനാൽ സുരക്ഷ ഏർപ്പെടുത്തണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.