ബി.ജെ.പിയിൽ ചേർന്നുവെന്ന് അഭ്യൂഹം; അശോക് ചവാന്റെ മറുപടി ഇങ്ങനെ
|അശോക് ചവാൻ ഇപ്പോൾ മഹാരാഷ്ട്രയിലെ നന്ദേഡിൽ ഉണ്ടെന്നാണ് വിവരം
മുംബൈ: ഗണേഷോത്സവത്തോടനുബന്ധിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടതിന് പിന്നാലെ കോൺഗ്രസ് നേതാവ് അശോക് ചവാൻ ബി.ജെ.പി.യിലേക്ക് എന്ന രീതിയിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രി കൂടിയായ ചവാൻ അഭ്യൂഹങ്ങളെല്ലാം പാടെ നിഷേധിച്ചിരിക്കുകയാണ്. പാർട്ടിക്കുള്ളിൽ താൻ അസ്വസ്ഥനല്ലെന്നും നവംബറിൽ മഹാരാഷ്ട്രയിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളുടെ മേൽനോട്ടം വഹിക്കുന്ന തിരക്കിലാണെന്നും പി.ടി.ഐയോട് അശോക് ചവാൻ പറഞ്ഞു.
അദ്ദേഹം ഇപ്പോൾ മഹാരാഷ്ട്രയിലെ നന്ദേഡിൽ ഉണ്ടെന്നാണ് വിവരം. ഹിംഗോലി, വാഷിം, കിഴക്കൻ മഹാരാഷ്ട്രയിലെ ബുൽധാന എന്നീ മധ്യ മഹാരാഷ്ട്ര ജില്ലകളിലൂടെയാകും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കടന്നുപോവുക. സംസ്ഥാനത്ത് 350 കിലോമീറ്ററാണ് യാത്ര. ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളുടെ മുന്നോടിയായി നന്ദേഡ്, ഹിംഗോലി, വാഷിം, ബുൽധാന എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അശോക് ചവാൻ യോഗങ്ങൾ നടത്തിയിട്ടുണ്ട്. ബുൽധാന ജില്ലയിലെ ജൽഗാവ്-ജാമോദിൽ രാഹുൽ ഗാന്ധിയുടെ റാലിയെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യസർക്കാരിന്റെ തകർച്ചയെത്തുടർന്ന് അധികാരത്തിലെത്തിയ ഏകനാഥ് ഷിൻഡെ സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പിൽ നിയമസഭയിൽ ഹാജരാകാതിരുന്ന കോൺഗ്രസ് എംഎൽഎമാരിൽ ചവാനും ഉൾപ്പെട്ടിരുന്നു.