India
50 കോടി നൽകണം; ഭർത്താവിൻ്റെ ആദ്യഭാര്യയിലെ മകൾക്കെതിരെ മാനനഷ്ടക്കേസുമായി നടി രുപാലി ഗാംഗുലി
India

50 കോടി നൽകണം; ഭർത്താവിൻ്റെ ആദ്യഭാര്യയിലെ മകൾക്കെതിരെ മാനനഷ്ടക്കേസുമായി നടി രുപാലി ഗാംഗുലി

Web Desk
|
12 Nov 2024 12:42 PM GMT

പ്രമുഖ അഭിഭാഷകയായ സന റയീസ് ഖാന്‍ മുഖേനെയാണ് ഇഷ വര്‍മയ്‌ക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചത്

ന്യൂഡൽഹി: തൻ്റെ സ്വഭാവത്തെയും വ്യക്തിജീവിതത്തെയും അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ഭർത്താവിൻ്റെ ആദ്യഭാര്യയിലെ മകളായ ഇഷ വര്‍മ്മയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ചെയ്ത് നടി രുപാലി ഗാംഗുലി. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിന്‍വലിക്കണമെന്നും ഇതുകാരണം വ്യക്തിപരമായും പ്രൊഫഷണല്‍ രംഗത്തും തന്റെ സല്‍പ്പേരിന് കളങ്കമുണ്ടായെന്ന് രുപാലി ഗാംഗുലി പരാതിയിൽ പറഞ്ഞു.

ഇതിന് നഷ്ടപരിഹാരമായി 50 കോടി രൂപ നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പ്രമുഖ അഭിഭാഷകയായ സന റയീസ് ഖാന്‍ മുഖേനെയാണ് നടി രുപാലി ഗാംഗുലി ഇഷ വര്‍മയ്‌ക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചത്.

രുപാലിയുടെ ഭര്‍ത്താവ് അശ്വിന്‍ വര്‍മ്മയുടെ ആദ്യവിവാഹത്തിലെ മകളാണ് ഇഷ വര്‍മ്മ. അച്ഛനും തന്റെ അമ്മയും വേര്‍പിരിയാന്‍ കാരണം രണ്ടാനമ്മയായ രുപാലി ഗാംഗുലിയാണെന്നായിരുന്നു ഇഷ വര്‍മ്മയുടെ ആരോപണം. രുപാലി ഗാംഗുലി തന്നെയും തന്റെ അമ്മയായ സപ്‌ന വര്‍മ്മയെയും മാനസികമായും ശാരീരികമായും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും ഇഷ ആരോപിച്ചിരുന്നു. അമ്മയ്ക്ക് വിവാഹമോചന രേഖകൾ നൽകാൻ അച്ഛനോട് പറഞ്ഞത് രുപാലിയാണെന്നും ഇഷ വെളിപ്പെടുത്തിയിരുന്നു.

2020ല്‍ ഇതേ കാര്യം ആരോപിച്ച് ഇഷ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. തൻ്റെ ആരോപണങ്ങളുടെ വാർത്ത ആദ്യമായി വൈറലായപ്പോൾ, തൻ്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ പിതാവ് സമ്മർദ്ദം ചെലുത്തിയിരുന്നു എന്ന് ഇഷ പറഞ്ഞു. ഇത് വീണ്ടും ഓണ്‍ലൈനില്‍ പ്രചരിച്ചതോടെയാണ് ഇഷ ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. തന്റെ അമ്മയുമായി ദാമ്പത്യബന്ധം നിലനില്‍ക്കെ തന്നെ അച്ഛന് രുപാലിയുമായി ബന്ധമുണ്ടായിരുന്നെന്നും രുപാലി തനിക്കും തന്റെ അമ്മയ്ക്കും നേരെ വധഭീഷണി മുഴക്കിയതായും ഇഷ വര്‍മ്മ ആരോപിച്ചു.

രുപാലി ഗാംഗുലി മാനനഷ്ടക്കേസ് ഫയല്‍ചെയ്തതിന് പിന്നാലെ ആരോപണങ്ങള്‍ ഉന്നയിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ഇഷ വര്‍മ്മ ഇന്‍സ്റ്റഗ്രാമില്‍നിന്ന് നീക്കംചെയ്തിട്ടുണ്ട്. കൂടാതെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇഷ വര്‍മ്മ പ്രൈവറ്റാക്കുകയും ചെയ്തു

Similar Posts