മണിപ്പൂര്‍ കലാപത്തിനു പിന്നാലെ വിമാന ടിക്കറ്റ് നിരക്കിൽ വൻവർധനവ്
|വിദ്യാർഥികൾ അടക്കമുള്ളവർ നാട്ടിലേക്ക് മടങ്ങുന്നതിടെയാണ് ഈ പകൽക്കൊള്ള
ഡല്‍ഹി: മണിപ്പൂരിലെ കലാപത്തിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്കിൽ വൻവർധനവ്. ഇംഫാലിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകളാണ് 10 ഇരട്ടിയോളം വർധിപ്പിച്ചത്. വിദ്യാർഥികൾ അടക്കമുള്ളവർ നാട്ടിലേക്ക് മടങ്ങുന്നതിടെയാണ് ഈ പകൽക്കൊള്ള.
മണിപ്പൂരിൽ ഉണ്ടായ കലാപത്തിന് പിന്നാലെ നിരവധി പേരാണ് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്. എന്നാൽ സുരക്ഷിതമായി നാട്ടിലേക്കുള്ള യാത്ര മുടക്കുന്ന രീതിയിലാണ് വിമാന കമ്പനികളുടെ ടിക്കറ്റ് വർദ്ധനവ്. ഇംഫാലിൽ നിന്ന് ബംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്ക് 20,000 രൂപമുതലാണ് ഇപ്പോൾ ടിക്കറ്റ് നിരക്ക്. സാധാരണ 6000- മുതൽ 8000 വരെയായിരുന്നു. കൂടാതെ ഇംഫാലിൽ നിന്ന് കൊൽക്കത്ത വരെ 2,500 മുതൽ 5,000 രൂപ വരെയാരുന്നു. ഇംഫാലിൽ നിന്ന് ഗുവാഹത്തിയിലേക്കും ഏകദേശം ഇതേ നിരക്കാണ്.
എന്നാൽ, മണിപ്പൂരിൽ കലാപം ആരംഭിച്ചതോടെ നിരക്ക് കൂട്ടി. ഇംഫാലിൽ നിന്ന് ഗുവാഹത്തി വരെയുള്ള വിമാന ടിക്കറ്റ് നിരക്ക് 12,000 മുതൽ 25,000 രൂപ വരെയായി വർധിച്ചു. ഇതോടെ സ്വന്തമായ ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് മടങ്ങാൻ ഭൂരിഭാഗം പേർക്കും സാധിക്കാതെയായി. മണിപ്പൂർ കേന്ദ്രസർവകാലാശാലയിലെ 9 മലയാളി വിദ്യാർത്ഥികൾ നാട്ടിലെത്തി. നോർക്കയാണ് ഇവർക്ക് ടിക്കറ്റ് എടുത്ത് നൽകിയത്.
സ്പോർട്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളോട് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങാൻ സർവകലാശാല നിർദ്ദേശം നൽകിയെങ്കിലും വിമാന ടിക്കറ്റ് നിരക്ക് ഉയർന്നതോടെ നാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലാണ്. നോർക്ക ഇവരെയും കൂടി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കമെന്ന ആവശ്യവും ശക്തമാണ്. കുടുങ്ങിക്കിടക്കുന്ന മുഴുവൻ വിദ്യാർഥികളെയും നാട്ടിലെത്തിക്കും എന്ന് സർക്കാർ അറിയിച്ചിരുന്നു.