India
യുക്രൈന്‍ ഇന്ത്യക്കാരെ മനുഷ്യ കവചമാക്കുന്നുവെന്ന് ആശങ്കയെന്ന് റഷ്യ
India

യുക്രൈന്‍ ഇന്ത്യക്കാരെ മനുഷ്യ കവചമാക്കുന്നുവെന്ന് ആശങ്കയെന്ന് റഷ്യ

Web Desk
|
3 March 2022 1:02 AM GMT

റഷ്യയുടെ ആക്രമണത്തിലാണ് വിദ്യാർഥികളടക്കം കുടുങ്ങിക്കിടക്കുന്നതെന്നായിരുന്നു യുക്രൈന്റെ മറുപടി

കിഴക്കൻ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാമെന്നു റഷ്യയുടെ ഉറപ്പ്. റഷ്യൻ അതിർത്തി വഴിയായിയിരിക്കും ഒഴിപ്പിക്കൽ. പുടിൻ-മോദി ചർച്ചയ്ക്ക് ശേഷമാണു പുതിയ ദൗത്യത്തിന് വഴി തെളിഞ്ഞത്. യുക്രൈൻ ഇന്ത്യക്കാരെ മനുഷ്യകവചമാക്കുന്നെന്ന് റഷ്യ പറഞ്ഞു. അതേസമയം രക്ഷാപ്രവർത്തനത്തിന് വേണ്ടി റഷ്യ അടിയന്തരമായി വെടിനിർത്തണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു.

വിദ്യാർഥികളെ യുക്രൈൻ സൈന്യം തടഞ്ഞുവെയ്ക്കുകയാണെന്ന് റഷ്യ. ചർച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യയിലെ റഷ്യൻ എംബസി ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്. എന്നാൽ റഷ്യയുടെ ആക്രമണത്തിലാണ് വിദ്യാർഥികളടക്കം കുടുങ്ങിക്കിടക്കുന്നതെന്നായിരുന്നു യുക്രൈന്റെ മറുപടി. രക്ഷാപ്രവർത്തനത്തിന് സന്നദ്ധരാണെന്നും റഷ്യ അടിയന്തരമായി വെടിനിർത്തണമെന്നും യുക്രൈൻ ആവശ്യപ്പെട്ടു.

ഖാർകിവിലും സുമിയിലും റഷ്യ കനത്ത ബോംബാക്രമണവും മിസൈലാക്രമണവും നടത്തുന്നത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇന്ത്യ, പാകിസ്താൻ, ചൈന അടക്കമുള്ള രാജ്യങ്ങൾ മോസ്കോയോട് ആവശ്യപ്പെടണമെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.

ഖാർകീവ് ഉൾപ്പെടെയുളള കിഴക്കൻ യുക്രൈനിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ റഷ്യൻ അതിർത്തി വഴി നാട്ടിലെത്തിക്കാമെന്നാണ് പുടിൻ നരേന്ദ്ര മോദിക്ക് ഉറപ്പ് നൽകിയത്. റഷ്യൻ വിമാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താമെന്നാണ് പ്രാഥമിക ധാരണ.

റഷ്യക്ക് എതിരായ യുഎൻ പ്രമേയത്തിൽ നിന്നും തുടർച്ചയായി രണ്ട് വട്ടം ഇന്ത്യ വിട്ടുനിന്നതോടെയാണ് റഷ്യയുടെ മനംമാറ്റം. ഇന്നലെ 9 വിമാനങ്ങൾ യുക്രൈന്റെ അതിർത്തി രാജ്യങ്ങളിൽ നിന്ന് പുറപ്പെട്ടു. ഇനിയും ആറ് വിമാനങ്ങൾ കൂടി പുറപ്പെടുമെന്നും വിദേശകാര്യമന്ത്രി അറിയിച്ചു. നിലവിൽ യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ വഴിയാണ് ഇന്ത്യ രക്ഷാപ്രവർത്തനം നടത്തുന്നത്. ബുഡാപെസ്റ്റ്, ബുക്കാറസ്റ്റ് എന്നിവിടങ്ങളിൽ നിന്നായി പറന്നുയർന്ന വിമാനങ്ങൾ ഉത്തർ പ്രദേശിലെ വിമാന താവളത്തിലാണ് ഇറങ്ങിയത്.

Related Tags :
Similar Posts