'എന്റെ പിതാവ് ബോംബിട്ടിട്ടുണ്ട്, പക്ഷേ അത് മിസോറാമിലല്ല...': ബി.ജെ.പി നേതാവിന് മറുപടിയുമായി സച്ചിൻ പൈലറ്റ്
|1966 മാർച്ചിൽ മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിൽ ബോംബെറിഞ്ഞ ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ പറത്തിയത് രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയും ആണെന്നായിരുന്നു മാളവ്യയുടെ ആരോപണം
ജയ്പൂർ: വ്യോമസേനയിൽ പൈലറ്റായിരുന്നപ്പോൾ തന്റെ പിതാവ് രാജേഷ് പൈലറ്റ് മിസോറാമിൽ ബോംബിട്ടെന്ന ബി.ജെ.പി ഐടി വിഭാഗം തലവൻ അമിത് മാളവ്യയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്.
1966 മാർച്ചിൽ മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിൽ ബോംബെറിഞ്ഞ ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ പറത്തിയത് രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയും ആണെന്നായിരുന്നു മാളവ്യയുടെ ആരോപണം. സാമൂഹ്യമാധ്യമമായ എക്സിലൂടെയായിരുന്ന മാളവ്യ ആരോപണം ഉന്നയിച്ചത്. 'പിന്നീട് ഇരുവരും കോൺഗ്രസ് ടിക്കറ്റിൽ എംപിമാരും തുടർന്ന് മന്ത്രിമാരുമായി. ഇന്ദിരാഗാന്ധി രാഷ്ട്രീയത്തിൽ ഇടം നൽകിയത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആളുകൾക്ക് നേരെ വ്യോമാക്രമണം നടത്തിയതിനുള്ള ആദരവും പ്രതിഫലമായിട്ടാണെന്നും അമിത് മാളവ്യ ആരോപിച്ചിരുന്നു.
എന്നാൽ ഈ ആരോപണം പൂർണമായും തെറ്റാണെന്നാണ് സച്ചിൻ പറയുന്നത്. മാർച്ചിൽ അല്ല, ഒക്ടോബറിലാണ് തന്റെ പിതാവ് രാജേഷ് പൈലറ്റ് വ്യോമ സേനയിൽ ചേരുന്നതെന്നും സച്ചിൽ മറുപടി നൽകി.
'വ്യോമസേനയുടെ പൈലറ്റ് എന്ന നിലയിൽ തന്റെ പിതാവ് ബോംബുകൾ വർഷിച്ചിട്ടുണ്ട്. എന്നാലത് 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിലായിരുന്നു. നിങ്ങൾ പറയുന്നതുപോലെ മിസോറാമിലല്ല, കിഴക്കൻ പാകിസ്താനിലായിരുന്നു അത്. 1966 മാർച്ച് അഞ്ചിനാണ് മിസോറാമിൽ പിതാവ് ബോംബിട്ടതെന്നാണ് നിങ്ങൾ പറയുന്നത്. എന്നാൽ 1966 ഒക്ടോബർ 29 നാണ് പിതാവായ രാജേഷ് പൈലറ്റ് വ്യോമസേനയിൽ ചേർന്നത്. അതിന്റെ സർട്ടിഫിക്കറ്റും ഇതിനോടൊപ്പം ചേർക്കുന്നു. സച്ചിൻ പൈലറ്റ് ട്വീറ്റ് ചെയ്തു.
വ്യോമസേന ആക്രമണം മിസോറാം ജനതക്ക് നേരെയുള്ള ആക്രമണമായിരുന്നെന്ന് ലോക്സഭയിലെ അവിശ്വാസ പ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.