മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; വോട്ട് ചെയ്ത് സച്ചിനും അക്ഷയ് കുമാറും
|മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഭാര്യ അഞ്ജലിക്കും മകള്‍ സാറക്കുമൊപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പല പോളിങ്ങ് ബൂത്തുകള്‍ക്ക് മുന്നിലും ദൃശ്യമാകുന്നത്. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും നേരത്തെ തന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഭാര്യ അഞ്ജലിക്കും മകള്‍ സാറക്കുമൊപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. മുംബൈയിലായിരുന്നു സച്ചിനും കുടുംബത്തിനും വോട്ട്. വോട്ട് ചെയ്തതിനു ശേഷമുള്ള ചിത്രങ്ങളും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. '' തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഐക്കണാണ് ഞാന്‍. വോട്ട് ചെയ്യുക എന്നതാണ് ഞാന്‍ നല്‍കുന്ന സന്ദേശം. അത് നമ്മുടെ ഉത്തരവാദിത്തമാണ്. ജനങ്ങള്‍ അത് ഏറ്റെടുത്ത് വോട്ട് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു'' സച്ചിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നടന്‍ അക്ഷയ് കുമാറും വോട്ട് രേഖപ്പെടുത്തി. പോളിങ് ബൂത്തിലെ ക്രമീകരണങ്ങളെ അഭിനന്ദിച്ച അക്ഷയ് കുമാര്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ സജ്ജീകരണങ്ങളെക്കുറിച്ചും എടുത്തുപറഞ്ഞു. ''പോളിങ് ബൂത്തുകള്‍ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. എല്ലാവരും വോട്ട് ചെയ്യണം'' നടന്‍ അഭ്യര്‍ഥിച്ചു. മുംബൈയിലെ ഗ്യാൻ കേന്ദ്ര സെക്കൻഡറി സ്കൂളിലെ പോളിങ് ബൂത്തിലാണ് ബോളിവുഡ് താരം രാജ്‍കുമാര്‍ റാവു വോട്ട് രേഖപ്പെടുത്തിയത്. “ജനാധിപത്യത്തിൽ ഇത് നമ്മുടെ അവകാശമാണ്. അതിനാൽ നമ്മൾ വോട്ട് ചെയ്യേണ്ടത് പ്രധാനമാണ്. ഞാൻ എൻ്റെ കടമ നിർവഹിച്ചു. ഇപ്പോൾ നിങ്ങളുടെ ഊഴമാണ്. ദയവായി വോട്ട് ചെയ്യുക” വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് താരം പറഞ്ഞു.
നടി പൂജാ ഭട്ടും വോട്ട് ചെയ്തു.“പോകൂ മുംബൈയിൽ വോട്ട് ചെയ്യുക. ബാന്ദ്രയിൽ പോയി വോട്ട് ചെയ്യുക. നിങ്ങളുടെ വോട്ട് പ്രധാനമാണ് ” അവര്‍ പറഞ്ഞു. സംവിധായകരായ കബീർ ഖാൻ, സോയ അക്തർ, നടൻ അലി ഫസൽ, ചലച്ചിത്ര നിർമാതാവും നടനുമായ ഫർഹാൻ അക്തർ എന്നിവരും നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തി.
മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 234 എണ്ണം ജനറൽ മണ്ഡലങ്ങളും 54 എണ്ണം സംവരണ മണ്ഡലങ്ങളുമാണ്.ആകെ 4,140 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. വിമതഭീഷണി ഇരു മുന്നണികൾക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്. മഹാരാഷ്ട്രയിൽ ലോക് പോൾ നടത്തിയ പ്രീപോൾ സർവെയിൽ മഹാ വികാസ് അഘാഡി അധികാരത്തിലേറുമെന്നാണ് പ്രവചനം. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ഭരണകക്ഷിയായ മഹായുതിയെ മറികടന്ന് മഹാ വികാസ് അഘാഡി അധികാരത്തിലേറും എന്നാണ് പ്രീപോൾ സർവ്വേ പ്രവചനങ്ങൾ. 151 മുതൽ 162 വരെ സീറ്റുകൾ മഹാ വികാസ് സഖ്യം നേടുമെന്നും ഭരണകക്ഷിയായ മഹായുതിക്ക് 115 മുതൽ 128 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു .