സച്ചിൻ ടെണ്ടുൽക്കറുടെ സുരക്ഷാ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു
|അവധിക്കായി വീട്ടിൽ പോയ ഇദ്ദേഹം, സ്വന്തം സർവീസ് തോക്കുപയോഗിച്ച് കഴുത്തിൽ വെടിയുതിർക്കുകയായിരുന്നു.
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ സുരക്ഷാ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര ജൽഗാവ് ജില്ലയിലെ ജാംനെർ സ്വദേശിയും സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സ് (എസ്ആർപിഎഫ്) അംഗവുമായ ജവാൻ പ്രകാശ് കാപ്ഡെയാണ് മരിച്ചത്.
ജാംനെറിലെ വീട്ടിൽ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. അവധിക്കായി വീട്ടിൽ പോയ 39കാരനായ പ്രകാശ്, സ്വന്തം സർവീസ് തോക്കുപയോഗിച്ച് കഴുത്തിൽ വെടിയുതിർക്കുകയായിരുന്നു.
സ്വയം വെടിവച്ച് മരിക്കാനുണ്ടായ കാരണമെന്താണെന്ന് അന്വേഷിക്കുമെന്ന് ജാംനെർ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ കിരൺ ഷിൻഡെ പറഞ്ഞു. പ്രാഥമിക അന്വേഷണമനുസരിച്ച്, ചില വ്യക്തിപരമായ കാരണങ്ങളാണ് ഇങ്ങനെ ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. വിശദാംശങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഷിൻഡെ പറഞ്ഞു.
പ്രകാശിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും പരിചയക്കാരെയും ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിവിഐപി സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട ജവാൻ ആണ് മരിച്ചതെന്നതിനാൽ എസ്ആർപിഎഫ് സ്വതന്ത്ര അന്വേഷണം നടത്താൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.