സാദിഖലി ശിഹാബ് തങ്ങൾ കർണാടക ഹജ്ജ് ക്യാമ്പിൽ; വിമാനം ഫ്ലാഗ് ഓഫ് ചെയ്തു
|11,000ത്തോളം തീർഥാടകർക്കാണ് കർണാടകയിൽ നിന്ന് ഇക്കുറി ഹജ്ജിന് അവസരം ലഭിച്ചത്.
ബെംഗളൂരു: കർണാടക സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ് ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുള്ളത്. 36 വിമാനങ്ങളാണ് ഈ വർഷം സർവീസ് നടത്തുക. 11,000ത്തോളം തീർഥാടകർക്കാണ് കർണാടകയിൽ നിന്ന് ഇക്കുറി ഹജ്ജിന് അവസരം ലഭിച്ചത്.
വെള്ളിയാഴ്ച പുറപ്പെട്ട ഹജ്ജ് തീർഥാടകരുടെ വിമാനത്തിന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ഹജ്ജ് നിർവഹിക്കാൻ കർണാടകയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് മക്കയിലേക്ക് യാത്ര പോവുന്ന ഹാജിമാരെ സഹായിക്കാനായി ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു വർഷങ്ങളായി നടത്തി വരുന്ന ഹജ്ജ് വളണ്ടിയർ സേവനം ഈ വർഷവും തുടരുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ലഗേജ് ലോഡിങ്, ഭക്ഷണവിതരണം, താമസ സൗകര്യം തുടങ്ങിയ മേഖലകളിലാണ് കെഎംസിസി വളണ്ടിയർമാരുടെ സേവനമുള്ളത്. സ്ത്രീകളിൽ നിന്നും പുരുഷന്മാരിൽ നിന്നുമായി 25 ഓളം വളണ്ടിയർമാർക്കാണ് ഈ വർഷം അവസരം ലഭിച്ചിട്ടുള്ളത്.