India
തെലങ്കാനയിൽ ദസറ ആഘോഷങ്ങൾക്കിടെ പള്ളിയിൽ കാവിക്കൊടി നാട്ടി; പ്രതിഷേധം
India

തെലങ്കാനയിൽ ദസറ ആഘോഷങ്ങൾക്കിടെ പള്ളിയിൽ കാവിക്കൊടി നാട്ടി; പ്രതിഷേധം

Web Desk
|
8 Oct 2022 1:49 PM GMT

മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് പാര്‍ട്ടി വക്താവ് അംജദുല്ലാ ഖാന്‍ സ്ഥലം സന്ദര്‍ശിക്കുകയും പൊലീസിൽ പരാതി നൽ‍കുകയും ചെയ്തിട്ടുണ്ട്.

ഹൈദരാബാദ്: തെലങ്കാനയിൽ‍ കുന്നിൻ മുകളിലെ പള്ളിയിൽ കാവിക്കൊടി നാട്ടി. സംഗറെഡ്ഡി ജില്ലയിലെ കണ്ഡി മണ്ഡലിലെ ബയാത്തോളെ ഗ്രാമത്തിൽ കുത്തബ് ഷാഹി കാലഘട്ടത്തിൽ‍ നിർമിച്ച പള്ളിയിലാണ് ചിലർ കാവി പതാക ഉയർത്തുകയും 'ഓം' ഉൾപ്പെടെയുള്ള ചില ഹിന്ദുമത ലിഖിതങ്ങൾ കൊത്തിവയ്ക്കുകയും ചെയ്തത്.

പ്രദേശത്തു നടന്ന ദസറ ആഘോഷങ്ങൾക്കിടെയാണ് സംഭവം. മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് പാര്‍ട്ടി വക്താവ് അംജദുല്ലാ ഖാന്‍ സ്ഥലം സന്ദര്‍ശിക്കുകയും പൊലീസിൽ പരാതി നൽ‍കുകയും ചെയ്തിട്ടുണ്ട്. തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രാദേശിക നേതാക്കളാണ് ഇതിനു പിന്നില്‍. പള്ളി പിടിച്ചെടുക്കാനാണ് അവരുടെ ശ്രമം. മുസ്‌ലിംകളുടെ മതവികാരം വ്രണപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് പാര്‍ട്ടി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന പള്ളി ദസറ ആഘോഷത്തിനിടെ തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്- ഇപ്പോള്‍ 'ഭാരത് രാഷ്ട്ര സമിതി' ബി.ആര്‍.എസ്) പ്രവര്‍ത്തകര്‍ വെള്ള പൂശിയതായി ചില പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് താന്‍ സ്ഥലത്തെത്തിയതെന്ന് ഖാന്‍ പറഞ്ഞു. ഗ്രാമ സര്‍പഞ്ച് ഉള്‍പ്പെടെയുള്ള പ്രാദേശിക ടി.ആര്‍.എസ് നേതാക്കളാണ് പള്ളിയില്‍ കാവിക്കൊടി നാട്ടിയതെന്നും ഓം എന്നെഴുതി വച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ മണ്ഡല്‍ പരിഷത് ടെറിറ്റോറിയല്‍ കോണ്‍സ്റ്റിറ്റ്യുവന്‍സി അംഗം കൊണ്ടല്‍ റെഡ്ഡി, സര്‍പഞ്ച് ശ്രിഷ റെഡ്ഡി തുടങ്ങിയവര്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിനും പ്രദേശത്ത് നിന്ന് മുസ്‌ലിംകളെ ഒഴിപ്പിക്കല്‍ ലക്ഷ്യമിട്ട് അവരുടെ മനസില്‍ ഭയം വളര്‍ത്തിയതിനും പൊലീസ് കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് അംജദുല്ലാ ഖാന്‍ പൊലീസില്‍ പരാതി നല്‍കിയത്.

വര്‍ഗീയ നീക്കത്തിലൂടെ സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന എം.പി.ടി.സി അംഗത്തേയും സര്‍പഞ്ചിനേയും മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സംഘത്തെ വിന്യസിക്കുകയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. തെലങ്കാന വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥരും പള്ളിയിലെത്തി പരിശോധന നടത്തി.

Similar Posts