India
കോൺഗ്രസിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല  എംഎൽഎയുടെ സ്ത്രീവിരുദ്ധപരാമർശത്തിനെതിരെ സൈന നെഹ്‌വാൾ
India

'കോൺഗ്രസിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല' എംഎൽഎയുടെ സ്ത്രീവിരുദ്ധപരാമർശത്തിനെതിരെ സൈന നെഹ്‌വാൾ

Web Desk
|
30 March 2024 2:46 PM GMT

ഞാൻ രാജ്യത്തിന് വേണ്ടി മെഡൽ വാങ്ങിയത് ഇതിനോ; സൈന നെഹ്‌വാൾ

സ്ത്രീകൾ അടുക്കളയിൽ ഒതുങ്ങിയാൽ മതിയെന്ന കോൺഗ്രസ് എംഎൽഎയുടെ വിവാദ പരാമർശത്തിന് പ്രതികരണവുമായി ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ. ദാവൻഗരെയിലെ ബി.ജെ.പി സ്ഥാനാർഥി ഗായത്രി സിദ്ധേശ്വരക്കെതിരെയായിരുന്നു 92 വയസുള്ള കോൺഗ്രസ് എംഎൽഎ ഷാമനൂർ ശിവശങ്കരപ്പ അപകീർത്തികരമായ പരാമർശം നടത്തിയത്.

നേതാവിനെതിരെ രൂക്ഷവിമർശനവുമായി എക്‌സിലൂടെയാണ് താരം രംഗത്തുവന്നത്. കോൺഗ്രസ് പോലുള്ള ഒരു പുരോഗമന പാർട്ടിയിലെ നേതാവിൽ നിന്നും ഇത്തരമൊരു പരാമർശം പ്രതീക്ഷിച്ചില്ലെന്നാണ് സൈന കുറിച്ചത്.

രാജ്യത്തിന് വേണ്ടി താൻ മെഡലുകൾ നേടിയപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ആഗ്രഹം ഇങ്ങനെയായിരുന്നോ എന്ന് താരം ചോദ്യമുന്നയിച്ചു.

എല്ലാ പെൺകുട്ടികളും സ്ത്രീകളും അവർക്കിഷ്ടമുള്ള മേഖലയിൽ നേട്ടം കൈവരിക്കണമെന്ന് ആഗ്രഹിക്കുമ്പോൾ എന്തിനാണ് ഇത്തരത്തിൽ സംസാരിക്കുന്നതെന്നും സൈന ചോദിച്ചു.

ഒരു വശത്ത് നാരി ശക്തിയെ ആദരിക്കുന്നു എന്ന് പറയുന്നു, വനിതാ സംവരണ ബിൽ പാസാക്കുന്നു. എന്നാൽ മറ്റൊരു വശത്ത് സ്ത്രീകളെ അനാദരിക്കുകയും സ്ത്രീവിരുദ്ധരെ ആദരിക്കുകയും ചെയുന്നു. ഇത് തന്നെ വിഷമിപ്പിക്കുന്നെന്നും സൈന കൂട്ടിച്ചേർത്തു.

ദാവൻഗരെ സൗത്തിൽ നിന്നും അഞ്ച് തവണ എംഎൽഎ ആയ കോൺഗ്രസ് നേതാവാണ് ശിവശങ്കരപ്പ. കോൺഗ്രസിന്റെ ഏറ്റവും പ്രായം കൂടിയ എംഎൽഎയും ഇദേഹമാണ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദാവൻഗരെയിലെ കോൺഗ്രസ് സ്ഥാനാർഥി ശിവശങ്കരപ്പയുടെ മരുമകൾ പ്രഭ മല്ലികാർജുനയാണ്.

സംഭവത്തിൽ ഗായത്രി സിദ്ധേശ്വര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

Similar Posts