സൽമാൻ ഖാന് വീണ്ടും വധഭീഷണി; 2 കോടി മോചനദ്രവ്യം ആവശ്യം: റിപ്പോർട്ട്
|അജ്ഞാതനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. രണ്ട് കോടി മോചനദ്രവ്യം നൽകിയില്ലെങ്കിൽ നടനെ കൊല്ലുമെന്ന് മുംബൈ ട്രാഫിക് കൺട്രോളിന് അജ്ഞാത സന്ദേശം ലഭിച്ചു. അജ്ഞാതനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീഷണിപ്പെടുത്തൽ, വധഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സൽമാനെതിരെയും കൊല്ലപ്പെട്ട എൻസിപി അജിത് പവാർ വിഭാഗം നേതാവ് ബാബ സിദ്ദിഖിയുടെ മകനുമെതിരെ വധഭീഷണി മുഴക്കിയതിന് 20 വയസ്സുകാരനെ കഴിഞ്ഞ ദിവസം നോയിഡയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വീണ്ടും ഇത്തരത്തിലൊരു ഭീഷണി. നേരത്തെ, മുംബൈ ട്രാഫിക് പൊലീസിൻ്റെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിൽ ലഭിച്ച ഭീഷണി സന്ദേശത്തെ തുടർന്ന് ജംഷഡ്പൂരിൽ നിന്നുള്ള ഷെയ്ഖ് ഹുസൈൻ എന്ന 24 കാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോചനദ്രവ്യമായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം.
ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് സൽമാൻ ഖാന് മുൻപും വധഭീഷണി ഉണ്ടായിരുന്നു. ഏപ്രിലിൽ നടൻ്റെ ബാന്ദ്രയിലെ വീടിന് പുറത്ത് ബിഷ്ണോയ് സംഘത്തിലെ അംഗങ്ങൾ എന്ന് സംശയിക്കുന്നവർ വെടിയുതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് ബാബ സിദ്ദീഖി കൊല്ലപ്പെടുന്നത്. തുടർന്ന് താരത്തിൻ്റെ സുരക്ഷ ശക്തമാക്കിയിരുന്നു. ബിഷ്ണോയ് സംഘത്തിന്റെ ഭീഷണികള്‍ നിലനില്‍ക്കെ രാഷ്ട്രീയ- സിനിമാ രംഗത്തെ പ്രമുഖര്‍ക്ക് നേരെ വരുന്ന വധഭീഷണികളെ ഗൗരവത്തിലാണ് പൊലീസ് എടുക്കുന്നത്.