India
കൃഷ്ണമൃഗത്തെ കൊന്ന സല്‍മാന്‍ഖാനോട് പൊറുക്കില്ല; പരസ്യമായി മാപ്പു പറയണമെന്ന് ലോറന്‍സ് ബിഷ്ണോയ്
India

കൃഷ്ണമൃഗത്തെ കൊന്ന സല്‍മാന്‍ഖാനോട് പൊറുക്കില്ല; പരസ്യമായി മാപ്പു പറയണമെന്ന് ലോറന്‍സ് ബിഷ്ണോയ്

Web Desk
|
12 July 2022 8:17 AM GMT

ബിഷ്ണോയികള്‍ കൃഷ്ണമൃഗത്തെ ഭഗവാന്‍ ജംബേശ്വരന്‍റെ പുനര്‍ജന്മമായാണ് കണക്കാക്കുന്നതെന്നും കോടതി കുറ്റവിമുക്തനാക്കുന്നതോ ശിക്ഷയോ അവസാന വിധിയായിരിക്കില്ലെന്ന് ചോദ്യം ചെയ്യലില്‍ ലോറന്‍സ് ബിഷ്‌ണോയി പറഞ്ഞതായും ധലിവാള്‍ കൂട്ടിച്ചേര്‍ത്തു

ഡല്‍ഹി: കൃഷ്ണമൃഗത്തെ കൊന്ന സംഭവത്തില്‍ പരസ്യമായി മാപ്പ് പറയാതെ സല്‍മാന്‍ ഖാനോട് തന്‍റെ സമുദായാംഗങ്ങള്‍ ക്ഷമിക്കില്ലെന്ന് ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ്. ചോദ്യം ചെയ്യലിനിടയിലാണ് ബിഷ്ണോയി ഇക്കാര്യം പറഞ്ഞതെന്ന് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ഓഫീസര്‍ എച്ച്ജിഎസ് ധലിവാള്‍ പറഞ്ഞു. ബിഷ്ണോയികള്‍ കൃഷ്ണമൃഗത്തെ ഭഗവാന്‍ ജംബേശ്വരന്‍റെ പുനര്‍ജന്മമായാണ് കണക്കാക്കുന്നതെന്നും കോടതി കുറ്റവിമുക്തനാക്കുന്നതോ ശിക്ഷയോ അവസാന വിധിയായിരിക്കില്ലെന്ന് ചോദ്യം ചെയ്യലില്‍ ലോറന്‍സ് ബിഷ്‌ണോയി പറഞ്ഞതായും ധലിവാള്‍ കൂട്ടിച്ചേര്‍ത്തു.

സൽമാൻ ഖാൻ പരസ്യമായി മാപ്പ് പറഞ്ഞതിന് ശേഷം മാത്രമേ ലോറൻസ് ബിഷ്‌ണോയി തന്‍റെ തീരുമാനം പുനഃപരിശോധിക്കുകയുള്ളൂവെന്ന് പറഞ്ഞതായും സ്‌പെഷ്യൽ സെൽ കൂട്ടിച്ചേർത്തു. വധഭീഷണിയുണ്ടെന്ന് ആരോപിച്ച് സൽമാൻ ഖാന്‍റെ അഭിഭാഷകൻ ഹസ്തിമൽ സരസ്വത് ജോധ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

സിദ്ദു മൂസെവാലയുടെ അതേ ഗതി നേരിടേണ്ടിവരുമെന്ന് കത്തില്‍ അഭിഭാഷകന് മുന്നറിയിപ്പ് നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നടന്‍ സല്‍മാന്‍ ഖാനും പിതാവും ജാംബാജി ക്ഷേത്രത്തില്‍ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ബിഷ്‌ണോയികള്‍ അവരെ കൊല്ലുമെന്നുമാണ് ചോദ്യം ചെയ്യലില്‍ ലോറന്‍സ് ബിഷ്‌ണോയി പറഞ്ഞത്. 2018 ജൂണില്‍ ബിഷ്ണോയി സംഘത്തിലെ പ്രധാന അംഗമായ സമ്പത്ത് നെഹ്റ ബെംഗളൂരുവില്‍ അറസ്റ്റിലായപ്പോള്‍, കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ 2018ല്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഖാനെ ഇല്ലാതാക്കാനുള്ള സംഘത്തിന്‍റെ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

Similar Posts