ലവ് ജിഹാദ് അന്വേഷണ കമ്മിറ്റി പിരിച്ചുവിടണമെന്ന് സമാജ്‌വാദി എംഎൽഎ: വാദങ്ങൾ വ്യാജമെന്ന് ആരോപണം
|ന്യൂനപക്ഷ സമുദായത്തെ അപകീർത്തിപ്പെടുത്താനും ഒരു പ്രത്യേക സമുദായത്തെ ബോധപൂർവം ഉപദ്രവിക്കാനുമാണ് ലവ് ജിഹാദ് കമ്മിറ്റി രൂപീകരിച്ചതെന്ന് സമാജ്‌വാദി പാർട്ടി എംഎൽഎ റായ്‌സ് ഷെയ്ഖ് പറഞ്ഞു.
ഡൽഹി: മഹാരാഷ്ട്രയിൽ ലവ് ജിഹാദ് കേസുകൾ അന്വേഷിക്കാൻ രൂപീകരിച്ച കമ്മിറ്റി പിരിച്ചുവിടണമെന്ന് സമാജ്‌വാദി പാർട്ടി എംഎൽഎ റായ്‌സ് ഷെയ്ഖ്. മഹാരാഷ്ട്ര ‘ഇന്റർഫെയ്ത്ത് മാര്യേജ് ഫാമിലി കോർഡിനേഷൻ കമ്മിറ്റി’ രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ 402 പരാതികൾ മാത്രമാണ് ലഭിച്ചത്. ലവ് ജിഹാദ് കേസുകൾ കണ്ടെത്തുന്നതിനായി മുൻ സംസ്ഥാന വനിതാ ശിശു വികസന (ഡബ്ല്യുസിഡി) മന്ത്രി മംഗ പ്രഭാത് ലോധയാണ് 2022 ഡിസംബർ 13 ന് കമ്മിറ്റി രൂപീകരിച്ചത്.
വിഷയം ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രി അജിത് പവാറിനും ഡബ്ല്യുസിഡി മന്ത്രി അദിതി തത്കരെയ്ക്കും റായ്‌സ് ഷെയ്ഖ് കത്തയച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ലൗ ജിഹാദ് കേസുകൾ ഉണ്ടെന്നായിരുന്നു മന്ത്രി മംഗ പ്രഭാത് ലോധയുടെ ആരോപണം. എന്നാൽ, ഇതുവരെ 402 പരാതികൾ മാത്രമാണ് സമിതിക്ക് മുന്നിൽ ലഭിച്ചിട്ടുള്ളത്. ഡബ്ല്യുസിഡി ഡിപ്പാർട്ട്‌മെന്റിൽ വിവരാവകാശ അപേക്ഷ സമർപ്പിച്ചതിന് ശേഷമാണ് ഇതുസംബന്ധിച്ച ഡാറ്റ തനിക്ക് ലഭ്യമായെതെന്നും റെയ്‌സ് ഷെയ്ഖ് പറഞ്ഞു.
ന്യൂനപക്ഷ സമുദായത്തെ അപകീർത്തിപ്പെടുത്താനും സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും ഒരു പ്രത്യേക സമുദായത്തെ ബോധപൂർവം ഉപദ്രവിക്കാനുമുള്ളതായിരുന്നു കമ്മിറ്റി രൂപീകരിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്ന് എംഎൽഎ ആരോപിച്ചു.
“മുൻ ഡബ്ല്യുസിഡി മന്ത്രി തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചു. ഇതുവരെ 402 പരാതികൾ മാത്രമാണുള്ളതെന്ന് വിവരാവകാശ നിയമപ്രകാരം ഡബ്ല്യുസിഡി വകുപ്പ് എനിക്ക് വിവരം നൽകിയിട്ടുണ്ട്. അതിനാൽ, സർക്കാർ ഈ സമിതിയെ ഒഴിവാക്കണം.": റായ്‌സ് ഷെയ്ഖ് പറഞ്ഞു.
Also Read: ഓരോ അടിയും സൂക്ഷിച്ച്! അമിത് ഷായുടെ ഒറ്റക്കൊരു ചെസ് കളി, കയ്യടിച്ച് ബിജെപി
കൂടാതെ, ലവ് ജിഹാദ്’ കേസുകളുടെ വസ്തുത സർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറിന് റായ്‌സ് ഷെയ്ഖ് കത്തയക്കുകയും ചെയ്തു. സംസ്ഥാനത്ത് ഒരു ലക്ഷം ലൗ ജിഹാദ് കേസുകൾ ഉണ്ടെന്നാണ് അന്നത്തെ ഡബ്ല്യുസിഡി മന്ത്രി മംഗൾ പ്രഭാത് ലോധ 2023 മാർച്ച് 8 ന് നിയമസഭയിൽ അവകാശപ്പെട്ടത്. എന്നാൽ, 2023 മാർച്ച് 20 വരെ കമ്മിറ്റിക്ക് ഒരു പരാതി പോലും ലഭിച്ചിട്ടില്ല എന്ന് എംഎൽഎക്ക് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു. മന്ത്രി ലോധ സഭയിൽ തെറ്റായതും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവന നടത്തിയെന്നും അതിനാൽ വിഷയത്തിൽ സർക്കാർ സഭയിൽ വസ്തുതകൾ വ്യക്തമാക്കണമെന്നും റായ്‌സ് ഷെയ്ഖ് എംഎൽഎ ആവശ്യപ്പെട്ടു.