അഖിലേഷ് യാദവിന്റെ ജന്മദിനം 'തക്കാളി കേക്ക്' മുറിച്ചാഘോഷിച്ച് പാർട്ടി പ്രവർത്തകർ; കാരണമിതാണ്
|ആഘോഷത്തിന്റെ ഭാഗമായി തക്കാളികളും വിതരണം ചെയ്തു
ന്യൂഡല്‍ഹി: സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ 50-ാം ജന്മദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് പാർട്ടി പ്രവർത്തകർ. തക്കാളിയുടെ ആകൃതിയിലുള്ള കേക്ക് മുറിച്ചാണ് പ്രവർത്തകർ പ്രിയ നേതാവിന്റെ ജന്മദിനം ആഘോഷിച്ചത്. തക്കാളിയുടെ വില കുതിച്ചുയരുന്നത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനായിരുന്നു ഇത്തരത്തിലൊരു വ്യത്യസ്തമായ ആഘോഷം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി തക്കാളിപ്പെട്ടികളും പ്രവർത്തകർ വിതരണം ചെയ്തു.
'ഇന്ന് ഞങ്ങളുടെ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ജന്മദിനമാണ്, മധുരപലഹാരങ്ങൾ നൽകിയാണ് എല്ലായ്പ്പോഴും ജനങ്ങൾ ഈ ദിവസം ആഘോഷിക്കാറ്. എന്നാൽ ഇത്തവണ രാജ്യത്തെ വിലക്കയറ്റം ഉയർത്തിക്കാട്ടുന്നതിനായി ഞങ്ങൾ തക്കാളി വിതരണം ചെയ്തുകൊണ്ട് ഖിലേഷ് യാദവിന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്,' ഒരു പാർട്ടി പ്രവർത്തകൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
പാർട്ടി പ്രവർത്തകർ തക്കാളി ആകൃതിയിലുള്ള കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നതും തക്കാളി നിറച്ച പെട്ടികൾ വിതരണം ചെയ്യുന്നതും വീഡിയോയിൽ കാണാം.
രാജ്യത്ത് തക്കാളിയുടെ വില ഒരാഴ്ചയ്ക്കിടെയാണ് ഇരട്ടിയായത്. ഒരു കിലോതക്കാളിയുടെ വില 100 രൂപയിലെത്തി. കാലാവസ്ഥാ വ്യതിയാനവും ഉൽപാദനത്തിലുള്ള കുറവുമാണ് പെട്ടന്നുള്ള വിലക്കയറ്റത്തിന് കാരണമെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്.