India
Sambhal mosque controversy: Govt and SC must take cognizance, says Mayawati
India

സംഭാൽ ജുമാ മസ്ജിദ് വിവാദം: സർക്കാരും സുപ്രിംകോടതിയും ജാഗ്രതയോടെ ഇടപെടണമെന്ന് മായാവതി

Web Desk
|
22 Nov 2024 11:26 AM GMT

നൂറ്റാണ്ടുകൾ പഴക്കമുള്ള സംഭാൽ ജുമാ മസ്ജിദിൽ സർവേ നടത്താൻ ജില്ലാ കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു.

ലഖ്‌നോ: സംഭാൽ ജുമാ മസ്ജിദ് വിവാദത്തിൽ സർക്കാരും സുപ്രിംകോടതിയും ജാഗ്രതയോടെ ഇടപെടണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ഷാഹി ജുമാ മസ്ജിദ് സംബന്ധിച്ച പെട്ടെന്നുള്ള വിവാദവും സർവേയും ദേശീയ തലത്തിൽ വാർത്തകൾക്കും ചർച്ചകൾക്കും തുടക്കമിട്ടിരിക്കുകയാണ്. ഇതിലൂടെ സാമുദായിക സൗഹാർദം തകർക്കാനുള്ള നീക്കങ്ങൾക്ക് സാധ്യതയുള്ളതിനാൽ സർക്കാരും സുപ്രിംകോടതിയും ജാഗ്രത പുലർത്തണം-മായാവതി പറഞ്ഞു.

നൂറ്റാണ്ടുകൾ പഴക്കമുള്ള സംഭാൽ ജുമാ മസ്ജിദിൽ സർവേ നടത്താൻ ജില്ലാ കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് ഒരുവിഭാഗം നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ഗ്യാൻവാപി-കാശി വിശ്വനാഥ ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ മസ്ജിദുകൾക്കെതിരെ ഹരജി നൽകിയ അഭിഭാഷകരായ വിഷ്ണു ശങ്കർ ജെയിനും പിതാവ് ഹരിശങ്കർ ജെയിനുമാണ് സംഭാൽ മസ്ജിദിലും സർവേ ആവശ്യപ്പെട്ട് ഹരജി നൽകിയത്.

ഹരി ഹർ മന്ദിർ എന്ന് അറിയപ്പെട്ടിരുന്ന ക്ഷേത്രം മുഗൾ ചക്രവർത്തിയായിരുന്ന ബാബർ തകർത്താണ് അവിടെ മസ്ജിദ് പണിതതെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഹരജിയിൽ കേന്ദ്ര സർക്കാർ, യുപി സർക്കാർ, മസ്ജിദ് കമ്മിറ്റി, സംഭാൽ ജില്ലാ കലക്ടർ എന്നിവരെ കോടതി കക്ഷികളാക്കിയിട്ടുണ്ട്.

Similar Posts