ഷാറൂഖും സമീറും തമ്മിലുരസുന്നത് ആദ്യമല്ല; 2011ല്‍ കിംഗ് ഖാന് നഷ്ടമായത് 1.5 ലക്ഷം
|അന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറായിരുന്നു വാങ്കഡെ
ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലെ അന്വേഷണോദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയും ഷാറൂഖ് ഖാനും തമ്മില്‍ ഉരസുന്നത് ഇതാദ്യമായല്ല. 2011ല്‍ വാങ്കഡെ കിംഗ് ഖാനെക്കൊണ്ട് 1.5 ലക്ഷം രൂപയാണ് കസ്റ്റംസ് ഡ്യൂട്ടി അടപ്പിച്ചത്. 2011 ജൂലൈയിലാണ് സംഭവം. ഹോളണ്ട്, ലണ്ടന്‍ യാത്ര കഴിഞ്ഞ് മുംബൈ വിമാനത്താവളത്തില്‍ കുടുംബത്തോടൊപ്പം തിരിച്ചെത്തിയപ്പോഴാണ് ഷാറൂഖിനെ വാങ്കഡെ പൂട്ടിയത്. അന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറായിരുന്നു വാങ്കഡെ.
നികുതി അടയ്‌ക്കേണ്ട വസ്തുക്കളുടെ വിവരം വെളിപ്പെടുത്തിയില്ലെന്ന് കാണിച്ച്, വാങ്കഡെ ഷാറൂഖിനെ തടയുകയായിരുന്നു. ഇരുപതോളം ബാഗുകളുമായാണ് ഷാറൂഖും കുടുംബവും എത്തിയത്. ഷാറൂഖിനെ വാങ്കഡെയും സംഘവും നിരവധി മണിക്കൂറുകള്‍ ചോദ്യം ചെയ്യുകയും നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ ബാഗുകള്‍ പരിശോധിക്കുകയും ചെയ്തു. ശേഷം ഷാറൂഖിനെയും കുടുംബത്തെയും പോകാന്‍ അനുവദിച്ചെങ്കിലും 1.5 ലക്ഷം കസ്റ്റംസ് തീരുവയായി അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
വിമാനത്താവളത്തിലെ ചുമതല വഹിക്കവേ ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശര്‍മ, മിനിഷ ലാംബ, ഗായകന്‍ മിക സിങ് തുടങ്ങിയവരെയും വാങ്കഡെ തടഞ്ഞിട്ടുണ്ട്. കണക്കില്‍പ്പെടാത്ത നാല്‍പ്പതു ലക്ഷം വിലമതിക്കുന്ന വജ്രാഭരണം കൊണ്ടുവന്നെന്ന് ആരോപിച്ചായിരുന്നു ടൊറന്റോയില്‍നിന്ന് മുംബൈയിലെത്തിയ അനുഷ്‌കയെ വാങ്കഡെ തടഞ്ഞത്. ഫെമ(ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) നിയമം അനുവദിക്കുന്നതിലും അധികം വിദേശ കറന്‍സി കൊണ്ടുവന്നതിന് 2013ലായിരുന്നു മിക സിങ്ങിനെതിരായ നടപടി.