India
നവാബ് മാലിക്കിനെതിരെ സമീർ വാങ്കഡേയുടെ പിതാവ് സമർപിച്ച ഹർജിലെ വാദം കേൾക്കൽ  ഒരാഴ്ചത്തേക്ക് മാറ്റി
India

നവാബ് മാലിക്കിനെതിരെ സമീർ വാങ്കഡേയുടെ പിതാവ് സമർപിച്ച ഹർജിലെ വാദം കേൾക്കൽ ഒരാഴ്ചത്തേക്ക് മാറ്റി

Web Desk
|
28 Feb 2022 10:51 AM GMT

ജാതി സർട്ടിഫിക്കറ്റിൽ തിരിമറി നടത്തി സംവരണ ക്വാട്ടയിൽ ഐ.ആർ.എസ് കരസ്ഥമാക്കി എന്നായിരുന്നു സമീർ വാങ്കഡേക്കെതിരെ നവാബ് മാലിക് ഉന്നയിച്ച പ്രധാന ആരോപണം

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് എൻസിബിയുടെ മുൻ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ പിതാവ് ധ്യാൻദേവ് വാങ്കഡെ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് ബോംബെ ഹൈക്കോടതി ഒരാഴ്ചത്തേക്ക് മാറ്റിവച്ചു.

2021 ഡിസംബറിൽ കോടതിയിൽ വാങ്കഡേക്കെതിരെ അപകീർത്തികരമായ പൊതു പ്രസ്താവനകളും സോഷ്യൽ മീഡിയ പോസ്റ്റുകളും നടത്തുന്നത് ഒഴിവാക്കണമെന്ന് ഉറപ്പ് നൽകിയിട്ടും മാലിക് അത് തുടർന്നുവെന്ന് ഹർജിയിൽ പറയുന്നു. ഇതേ തുടർന്ന് ജസ്റ്റിസുമാരായ എസ്.ജെ കതവല്ല, എം എൻ ജാദവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മാലിക്കിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് മാലിക് ജയിലിലാണെന്ന കാര്യമാണ് ബെഞ്ച് ചൂണ്ടിക്കാട്ടിയത്.

ഏതെങ്കിലും ഉത്തരവിടുന്നതിന് മുമ്പ് മാലിക്കിനെ ആദ്യം കേൾക്കണമെന്ന് മാലിക്കിന്റെ അഭിഭാഷകൻ ഫിറോസ് ബറൂച്ച കോടതിയോട് ആവശ്യപ്പെട്ടു. മാർച്ച് 3 വരെ മന്ത്രി ഇഡിയുടെ കസ്റ്റഡിയിലാണെന്ന് ബറൂച്ച ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് കോടതി അലക്ഷ്യ ഹർജിയിൽ വാദം കേൾക്കുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി.

ഇന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വാങ്കെഡേക്കെതിരായ കൂടുതൽ പ്രസ്താവനകൾ നടത്തില്ലെന്ന് കോടതിയിൽ നൽകിയ ഉറപ്പ് മന്ത്രി മനഃപൂർവ്വം, ലംഘിക്കുകയാണെന്ന് ധ്യാൻദേവ് വാങ്കഡെപറഞ്ഞു.

കോടതിയെ അവഹേളിച്ചുവെന്ന എല്ലാ ആരോപണങ്ങളും നിരസിച്ചുകൊണ്ടുള്ള ഹർജിയിൽ മറുപടിയായി മാലിക് കഴിഞ്ഞ ആഴ്ച സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഔദ്യോഗിക ചുമതലകൾ ലംഘിക്കുന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിനെതിരെ പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് തന്നെ തടയില്ലെന്ന് തന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചതായി മാലിക് സത്യവാങ്മൂലത്തിൽ പറഞ്ഞു. എന്നാൽ കോടതി അലക്ഷ്യ ഹർജിയിൽ ധ്യാൻദേവ് വാങ്കഡെ പരാമർശിച്ച കാര്യങ്ങളും ടിവി അഭിമുഖങ്ങളും മേൽപ്പറഞ്ഞ ഇളവുകളുടെ പരിധിയിൽ വരുന്നതാണെന്നും അതിനാൽ ഇത് കോടതി അലക്ഷ്യത്തിന്റെ പരിധിയിൽ പെടില്ലെന്നും നവാബ് മാലിക്ക് പറഞ്ഞിരുന്നു.

ജാതി സർട്ടിഫിക്കറ്റിൽ തിരിമറി നടത്തി സംവരണ ക്വാട്ടയിൽ ഐ.ആർ.എസ് കരസ്ഥമാക്കി എന്നായിരുന്നു സമീർ വാങ്കഡേക്കെതിരെ നവാബ് മാലിക് ഉന്നയിച്ച പ്രധാന ആരോപണം. സമീർ വാംഖഡയുടെ ആദ്യ വിവാഹം സംബന്ധിച്ച വിവരങ്ങളും അദ്ദേഹം വിളിച്ചുപറഞ്ഞു.

ലഹരിപാർട്ടിയുടെ സംഘാടകൻ കഷീഫ് ഖാനെ സംരക്ഷിക്കുന്നത് സമീർ വാംഖഡെ ആണ് എന്നതായിരുന്നു നവാബിന്റെ മറ്റൊരു ആരോപണം. ആ കേസിലെ സാക്ഷിയായ, സ്വകാര്യ ഡിറ്റക്ടീവ് എന്ന് സ്വയം അവകാശപ്പെടുന്ന എസ് കെ ഗോസാവിയും മറ്റ് ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ വാട്സ് ആപ് ചാറ്റുകളുടെ വിവരങ്ങളും പുറത്തുവിട്ടു. ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള സമീർ വാംഖഡയുടെ നീക്കമാണ് ആര്യന്റെ അറസ്റ്റിന് പിന്നിലെന്നായിരുന്നു നവാബ് മാലികിന്റെ 'കണ്ടെത്തൽ'. ബോളിവുഡിലെ ഉന്നത താരങ്ങളുമായി മാലിയിൽ സമീർ വാംഖഡെ നടത്തിയ വിനോദ യാത്രകളുടെ കഥകളും നവാബ് മാലിക് ഉന്നയിച്ചു. മഹാരാഷ്ട്രാ ബിജെപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭൂമിയിടപാട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടായിരുന്നു മറ്റൊരു ആക്രമണം. മഹാരാഷ്ട്രയെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റുന്നത് ബിജെപി ആണെന്ന് വരെ നവാബ് മാലിക് ആരോപിച്ചു.

അതേസമയം മുംബൈ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഉൾപ്പെട്ട കള്ളപ്പണ കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായ നവാബ് മാലിക്കിനെ മാർച്ച് മൂന്നുവരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിൽ വിട്ടു.

ബുധനാഴ്ച രാവിലെ ആറുമണിയോടെ നവാബ് മാലിക്കിന്റെ വീട്ടിലെത്തിയ ഇ.ഡി സംഘം ഏഴുമണിയോടെ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മുംബൈയിലെ ഇ.ഡി ആസ്ഥാനത്തായിരുന്നു ചോദ്യംചെയ്യൽ നടന്നത്. തുടർന്ന് മൂന്നു മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് ഇതേ കേസിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്‌കറിനെ അറസ്റ്റ് ചെയ്തിരുന്നു.

മഹാ സഖ്യത്തിലെ ഏറ്റവും പ്രബലനായ എൻസിപി നേതാവാണ് നവാബ് മാലിക്. സജീവ രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന നവാബ് മാലിക് ബിജെപിയെ പലപ്പോഴും കടന്നാക്രമിച്ചിരുന്നു. ഏറ്റവും ഒടുവിൽ കർണാടകയിലെ ഹിജാബ് വിഷയത്തിൽപ്പോലും ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എന്നാൽ ബിജെപിയുടെ കണ്ണിലെ കരടായി നവാബ് മാലിക്ക് മാറിയത് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ കുടുങ്ങിയതോടെയാണ്. താരപുത്രൻ ഒരുമാസത്തോളം ജയിലിൽ കിടക്കേണ്ടി വന്നപ്പോൾ അതിന് വഴിയൊരുക്കിയ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാംഖഡയെയും ബിജെപിയെയും നവാബ് മാലിക് പരസ്യമായി വിമർശിച്ചത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Similar Posts