India
ശശി തരൂര്‍ സ്വയം വളര്‍ന്ന നേതാവ്, വരേണ്യനെന്നത് വിലകുറഞ്ഞ പരാമര്‍ശം: സന്ദീപ് ദീക്ഷിത്
India

ശശി തരൂര്‍ സ്വയം വളര്‍ന്ന നേതാവ്, വരേണ്യനെന്നത് വിലകുറഞ്ഞ പരാമര്‍ശം: സന്ദീപ് ദീക്ഷിത്

Web Desk
|
16 Oct 2022 7:45 AM GMT

ജി23 നേതാക്കളില്‍ സന്ദീപ് ദീക്ഷിത് മാത്രമാണ് തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.

ശശി തരൂര്‍ സ്വപ്രയത്നത്താല്‍ വളര്‍ന്നുവന്ന നേതാവാണെന്ന് ജി23 നേതാവ് സന്ദീപ് ദീക്ഷിത്. അദ്ദേഹം വരേണ്യനാണെന്ന് പറയുന്നത് വിലകുറഞ്ഞ പരാമര്‍ശമാണ്. അന്തര്‍ദേശീയ തലത്തില്‍ പേരെടുത്ത വ്യക്തിയാണ്. കഴിവും ബുദ്ധിയും ആത്മാർഥതയും കഠിനാധ്വാനവും കൊണ്ട് സ്വയം വളര്‍ന്ന വ്യക്തിയാണ് ശശി തരൂരെന്നും സന്ദീപ് ദീക്ഷിത് ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയ 23 നേതാക്കളില്‍ ഒരാളായിരുന്നു ശശി തരൂര്‍. എന്നിട്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തരൂര്‍ മത്സരിക്കുമ്പോള്‍ പിന്തുണയ്ക്കാന്‍ പ്രമുഖ ജി23 നേതാക്കളൊന്നും തയ്യാറല്ല. മിക്കവരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയേ്ക്ക് പരസ്യ പിന്തുണ നല്‍കുകയും ചെയ്തു. ജി23 നേതാക്കളില്‍ സന്ദീപ് ദീക്ഷിത് മാത്രമാണ് തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.

തരൂരിന്‍റെ എല്ലാ ആശയങ്ങളോടും തനിക്ക് യോജിപ്പില്ലെങ്കിലും അദ്ദേഹം കോൺഗ്രസിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് സന്ദീപ് ദീക്ഷിത് പറഞ്ഞു. ജനാധിപത്യപരമായ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പ്രത്യയശാസ്ത്രമാണത്. തരൂര്‍ വലിയ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിന് സംഘാടക തലത്തില്‍ പരിചയമുണ്ട്. അദ്ദേഹം കോൺഗ്രസിനുള്ളിൽ പ്രവർത്തിച്ചിട്ടില്ലെന്നും അതിനാൽ സംഘടനാ പരിചയം ഇല്ലെന്നുമുള്ള വാദത്തിന് നിലനില്‍പ്പില്ല. വാസ്തവത്തിൽ സംഘടനാ തലത്തിലെ ദീര്‍ഘകാല പരിചയം മാറ്റങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവരാനുള്ള ഒരാളുടെ കഴിവിനെ ദുർബലപ്പെടുത്തുന്നു. കാരണം ഇത്രയും കാലം സേവിച്ച സിസ്റ്റത്തിന്റെ ഇരയായി നിങ്ങള്‍ മാറുന്നുവെന്നും സന്ദീപ് ദീക്ഷിത് നിരീക്ഷിച്ചു.

കോൺഗ്രസിലേക്ക് ഒരുപാട് പുതിയ ആളുകളെ ആകർഷിക്കാൻ തരൂരിന് കഴിവുണ്ടെന്നും സന്ദീപ് ദീക്ഷിത് അഭിപ്രായപ്പെട്ടു- "കോടിക്കണക്കിന് ആളുകൾ ഉണ്ട്. വലിയ അഭിലാഷമുള്ളവരും നന്നായി പഠിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. അവര്‍ വിജയകരമായ മാതൃകകള്‍ തേടുന്നവരാണ്. അങ്ങനെയുള്ള നാലോ അഞ്ചോ വിഭാഗങ്ങളെടുത്താല്‍ തരൂര്‍ അധ്യക്ഷ സ്ഥാനത്തെ നല്ല തെരഞ്ഞെടുപ്പാണ്. മറ്റുള്ളവരെ അപേക്ഷിച്ച് ആകര്‍ഷണീയതയുള്ള വ്യക്തിത്വമാണ് തരൂരിന്‍റേത്"- സന്ദീപ് ദീക്ഷിത് പറഞ്ഞു.

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷത പാലിക്കുമെന്ന് ഗാന്ധി കുടുംബം പറഞ്ഞിട്ടും ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടല്ലോ എന്ന ചോദ്യത്തിന് അതിന് ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് സന്ദീപ് ദീക്ഷിത് പറഞ്ഞു. ഗാന്ധിമാരോടല്ല ഇക്കാര്യം ചോദിക്കേണ്ടത്. മറിച്ച് തങ്ങളാണ് ഔദ്യോഗിക സ്ഥാനാർഥി എന്ന ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരോടാണ് അക്കാര്യം ചോദിക്കേണ്ടത്. ഇതൊരു തെരഞ്ഞെടുപ്പാണ്. ഇത്തരം ആളുകൾ യഥാർത്ഥത്തിൽ ജനാധിപത്യവാദികളാണോ എന്നത് അവർ സ്വയം ചോദിക്കേണ്ട ചോദ്യമാണിതെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു.

Similar Posts