India
sandeshkhali_woman
India

വെള്ളപേപ്പറിൽ ഒപ്പിട്ട് വാങ്ങിയത് ബിജെപി, ബലാത്സംഗം നടന്നിട്ടില്ല; സന്ദേശ്ഖാലി യുവതിയുടെ വെളിപ്പെടുത്തൽ

Web Desk
|
9 May 2024 11:23 AM GMT

ബി.ജെ.പി.യുമായി ബന്ധമുള്ളവർ ശൂന്യമായ വെള്ളപേപ്പറിൽ നിർബന്ധിച്ച് ഒപ്പുവെപ്പിച്ച ശേഷം തൻ്റെ പേരിൽ വ്യാജ ബലാത്സംഗ പരാതി എഴുതി നൽകിയെന്നാണ് യുവതിയുടെ ആരോപണം.

ഡൽഹി: സന്ദേശ്ഖാലി കേസിനെ തൃണമൂല്‍ കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്കുമെതിരെ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. പശ്ചിമബംഗാളിലെ സന്ദേശ്ഖാലി ഗ്രാമത്തിൽ മാസങ്ങളായി തുടരുന്ന തർക്കങ്ങളും അശാന്തിയും ദേശീയശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത് സന്ദേശ്ഖാലി വിഷയം ഉയർത്തിക്കാട്ടി തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയപോര് അതിരൂക്ഷമായിരിക്കെ കേസിൽ മറ്റൊരു വഴിത്തിരിവ്.

ബി.ജെ.പി.യുമായി ബന്ധമുള്ളവർ ശൂന്യമായ വെള്ളപേപ്പറിൽ നിർബന്ധിച്ച് ഒപ്പുവെപ്പിച്ച ശേഷം തൻ്റെ പേരിൽ വ്യാജ ബലാത്സംഗ പരാതി എഴുതി നൽകിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്ദേശ്ഖാലിയിലെ ഒരു സ്ത്രീ. ദേശീയ വനിതാ കമ്മീഷനിലെ ഒരു സംഘം ദ്വീപ് സന്ദർശിച്ച ദിവസം പിയാലി എന്ന സ്ത്രീ പരാതികൾ പങ്കുവെക്കാൻ തങ്ങളെ വിളിപ്പിച്ചതായി യുവതി മാധ്യമങ്ങളോട് പറയുന്നു.

"100 ദിവസത്തെ തൊഴിൽ പദ്ധതിയുടെ ഭാഗമായി ഞങ്ങൾക്ക് പണം ലഭിച്ചിട്ടില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. എനിക്ക് ആ പണം മാത്രമേ ആവശ്യമുള്ളൂ. മറ്റ് പരാതികളൊന്നുമില്ല. ബലാത്സംഗം നടന്നിട്ടില്ല. അവൾ (പിയാലി) ഞങ്ങളെ ഒരു ശൂന്യമായ വെള്ളാഷീറ്റിൽ ഒപ്പുവെപ്പിച്ചു"; യുവതി പറയുന്നു. പ്രാദേശിക തൃണമൂൽ നേതാക്കൾ ബലാത്സംഗം ചെയ്തതായി ആരോപിക്കുന്ന സ്ത്രീകളുടെ പട്ടികയിൽ താനും ഉണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്നും യുവതി പറഞ്ഞു.

സന്ദേശ്ഖാലിയെ അപകീർത്തിപ്പെടുത്തിയെന്ന് യുവതിയുടെ ബന്ധുക്കളും ആരോപിച്ചു. മറ്റൊരിടത്ത് നിന്നാണ് പിയാലി എന്ന സ്ത്രീ വന്നത്. വലിയ വലിയ കാര്യങ്ങളാണ് അവർ സംസാരിക്കുന്നത്. ഇവിടെയുള്ള എല്ലാവരെക്കുറിച്ചും അവൾക്ക് എങ്ങനെ വിവരം ലഭിച്ചുവെന്ന് ഞങ്ങൾക്കറിയില്ല. തുടക്കത്തിൽ, അവൾ ഇവിടെ പ്രതിഷേധത്തിൽ പങ്കെടുക്കുമായിരുന്നു. അവൾ ബിജെപിക്കൊപ്പമാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും സന്ദേശ്ഖാലി നിവാസികൾ പറഞ്ഞു. ഞങ്ങളോട് കള്ളം പറഞ്ഞതിനും ഞങ്ങളെ കുടുക്കിയതിനും അവർ ശിക്ഷിക്കപ്പെടണം. പിയാലിക്കെതിരെ രംഗത്ത് വന്നതിന് ഇപ്പോൾ ഭീഷണികൾ നേരിടുന്നുണ്ടെന്നും യുവതിയും കുടുംബവും പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി കഥകൾ മെനയുകയാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. തുറന്നുസംസാരിക്കാൻ ധൈര്യം കാണിച്ചതിന്റെ പേരിൽ സന്ദേശ്ഖാലിയിലെ സ്ത്രീകളെ ബിജെപി ഭീഷണിപ്പെടുത്തുകയാണെന്ന് തൃണമൂൽ എംപി സുസ്മിത ദേവ് ആരോപിച്ചു. സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും മാനം ലജ്ജയില്ലാതെ ചവിട്ടിമെതിക്കുന്ന ചതിയുടെ വലകൾ വലിക്കുന്നത് ബിജെപി എത്രനാൾ തുടരുമെന്നും സുസ്മിത ചോദിച്ചു.

തൃണമൂലിൻ്റെ ആരോപണങ്ങൾ പാർട്ടിക്കുണ്ടായ ക്ഷതം നികത്താൻ വളരെ വൈകി വന്നവയാണെന്ന് ബിജെപി തിരിച്ചടിച്ചു. രണ്ടുമൂന്ന് മാസം മിണ്ടാതിരുന്നിട്ട് എന്തിനാണ് തൃണമൂൽ ഇപ്പോൾ പ്രതികരിക്കുന്നത്? നേരത്തെ പറഞ്ഞു സന്ദേശ്ഖാലിയിലെ സ്ത്രീകൾ കള്ളം പറയുകയായിരുന്നു എന്ന്, ഇപ്പോൾ അവരെ കൊണ്ട് കള്ളം പറയിക്കുകയായിരുന്നു എന്നുപറയുന്നു. എന്ത് നാശമാണോ ഉണ്ടാകേണ്ടത്, അതുണ്ടായി കഴിഞ്ഞു. തീയില്ലാതെ എന്ത് പുക; ബിജെപി വക്താവ് പ്രിയങ്ക ടിബ്രേവാൾ പറഞ്ഞു.

സന്ദേശ്ഖാലി വിഷയത്തിൽ കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിച്ച് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾക്കെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്.

ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സന്ദേശ്ഖാലി എന്ന ഗ്രാമം. തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഷെയ്ഖ് ഷാജഹാനും അനുയായികളും തങ്ങളെ ബലാത്സംഗം ചെയ്‌തതായി ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകൾ രംഗത്തെത്തിയതോടെയാണ് പ്രതിഷേധങ്ങൾക്ക് തുടക്കമായത്. ഭൂമി തട്ടിയെടുക്കലും ലൈംഗികാതിക്രമ ആരോപണങ്ങളും ശക്തമായതോടെ ജനുവരി അഞ്ചിനു ഷാജഹാൻ ഒളിവിൽ പോയി. 2019ൽ മൂന്നു ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെയ്ഖ് ഷാജഹാൻ. 55 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം ഫെബ്രുവരി അവസാനം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. നിലവിൽ ഷാജഹാൻ സിബിഐയുടെ കസ്റ്റഡിയിലാണ്.

കഴിഞ്ഞയാഴ്ചയാണ് സന്ദേസ്ഖാലിയിലെ ഒരു ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ് ഉണ്ടായത്. ഒരു പ്രാദേശിക ബിജെപി നേതാവിൻ്റെ വീഡിയോ പ്രചരിക്കാൻ തുടങ്ങി. സന്ദേശ്‌ഖാലിയിൽ ബലാത്സംഗമോ ലൈംഗികാതിക്രമമോ നടന്നിട്ടില്ലെന്നും അധികാരിയുടെ നിർദ്ദേശപ്രകാരമാണ് സ്ത്രീകൾ ഇത്തരം പരാതികൾ ഫയൽ ചെയ്യാൻ തീരുമാനിച്ചതെന്നും ഗംഗാധർ കോയൽ സമ്മതിക്കുന്നതായാണ് വീഡിയോയിൽ. എന്നാൽ, തന്റെ ശബ്ദം എഡിറ്റ് ചെയ്തതാണെന്നും വീഡിയോ വ്യാജമാണെന്നും ആരോപിച്ച് ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

Similar Posts