India
ആർ.എസ്.എസ്സിനെ പോപ്പുലർ ഫ്രണ്ടുമായി താരതമ്യം ചെയ്തു; ബിഹാർ പൊലീസ് സൂപ്രണ്ടിനെതിരെ സംഘ്പരിവാർ വിമർശനം
India

ആർ.എസ്.എസ്സിനെ പോപ്പുലർ ഫ്രണ്ടുമായി താരതമ്യം ചെയ്തു; ബിഹാർ പൊലീസ് സൂപ്രണ്ടിനെതിരെ സംഘ്പരിവാർ വിമർശനം

Web Desk
|
14 July 2022 3:52 PM GMT

ആർ.എസ്.എസ് ശാഖകൾ സ്ഥാപിച്ച് യുവാക്കൾക്ക് ദണ്ഡ് ഉപയോഗിക്കാനുള്ള പരിശീലനം നൽകുന്നത് പോലെ പോപ്പുലർ ഫ്രണ്ടും കായിക പരിശീലനം നൽകുന്നുവെന്നും അവരിൽ തങ്ങളുടെ ആശയം കുത്തിവെക്കുന്നുവെന്നുമായിരുന്നു ധില്ലൻ പറഞ്ഞിരുന്നത്

പട്‌ന: ആർ.എസ്.എസ്സിനെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി താരതമ്യം ചെയ്തതിന്റെ പേരിൽ ബിഹാറിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ വിമർശനം. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തന രീതി വിശദീകരിക്കവേ ആർ.എസ്.എസ്സുമായി താരതമ്യപ്പെടുത്തിയതിനാണ് പട്‌നയിലെ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസായ മാനവ്ജീത് സിങ് ധില്ലനെതിരെ സംഘ്പരിവാർ വിമർശനമുയർത്തിയത്.

ആർ.എസ്.എസ് ശാഖകൾ സ്ഥാപിച്ച് യുവാക്കൾക്ക് ദണ്ഡ് ഉപയോഗിക്കാനുള്ള പരിശീലനം നൽകുന്നത് പോലെ പോപ്പുലർ ഫ്രണ്ടും കായിക പരിശീലനം നൽകുന്നുവെന്നും അവരിൽ തങ്ങളുടെ ആശയം കുത്തിവെക്കുന്നുവെന്നുമായിരുന്നു ധില്ലൻ പറഞ്ഞിരുന്നത്. ബിജെപിയും നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും ചേർന്ന് ഭരിക്കുന്ന സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ പ്രസ്താവനയെ നിരവധി ബിജെപി നേതാക്കൾ രൂക്ഷമായി വിമർശിച്ചിരുന്നു. സംഭവത്തിൽ ധില്ലനോട് 48 മണിക്കൂറിനകം വിശദീകരണം ചോദിക്കാൻ പൊലീസ് വകുപ്പിന് മുഖ്യമന്ത്രി നിതീഷ് കുമാർ നിർദേശം നൽകിയതായി വിവരമുണ്ട്.


പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു ആക്രമണ ശ്രമം തടഞ്ഞതിനെ കുറിച്ച് മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിനിടെയാണ് ഉദ്യോഗസ്ഥന്റെ പ്രസ്താവനയുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞിരുന്നു. കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. ജൂലൈ 12ന് മോദിയുടെ സന്ദർശനത്തിനിടെ ഇവർ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്നാണ് പൊലീസ് പറഞ്ഞത്. 2047നകം ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

അതാർ പർവേസ്, എം.ഡി ജലാലുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് പട്‌നക്കടുത്തുള്ള ഫുൽവാരി ഷെരീഫിൽ 15 ദിവസത്തെ പരിശീലനം ലഭിച്ചുവെന്നാണ് പൊലീസിന്റെ വാദം. കേസുമായി ബന്ധപ്പെട്ട് ഭീകരർക്ക് പരിശീലനം ലഭിച്ചുവെന്ന് സംശയിക്കുന്ന സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. കേരളം, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ സ്ഥലത്ത് കൂടുതലായി സന്ദർശനം നടത്തുന്നതെന്നും ബിഹാർ പൊലീസ് പറഞ്ഞിരുന്നു. പട്‌ന എസ്എസ്പി നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് മുൻ ഉപമുഖ്യമന്ത്രിയും രാജ്യസഭാംഗവുമായ സുശീൽ മോദി ആവശ്യപ്പെട്ടു.

Sangh Parivar criticizes Bihar Superintendent of Police for comparing Rss with Popular Front of India.

Similar Posts