ഗ്യാൻവാപിയിൽ രണ്ടാം ബാബരി ആവർത്തിക്കാൻ സംഘപരിവാറിനെ അനുവദിക്കരുത്: സിപിഎം.എൽ ലിബറേഷൻ
|മുസ്ലിം സമുദായത്തിന്റെ മതപരമായ അവകാശത്തിനും പൈതൃകത്തിനും നേരെയുള്ള പ്രഹരമല്ലയിത്, മറിച്ച് അത് ഇന്ത്യയുടെ പൈതൃകത്തിനും ആത്മാവിനും നേരെയുള്ള ആക്രമണമാണെന്ന് ദീപങ്കർ ഭട്ടാചാര്യ
ഗ്യാൻവാപിയിൽ രണ്ടാം ബാബരി ആവർത്തിക്കാൻ സംഘപരിവാറിനെ അനുവദിക്കരുതെന്ന് സിപിഎം.എൽ ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ. ബാബരിയുടെ ആവർത്തനമാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മത ആരാധനാലയങ്ങളുടെയും പദവി ഉറപ്പുനൽകുന്ന 1991 ലെ ആരാധനാലയ നിയമത്തിന്റെ വ്യക്തമായ ലംഘനമാണിതെന്നും അദ്ദേഹം കുട്ടിച്ചേർത്തു. ഗ്യാൻവാപി മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമർശം.
'അയോധ്യ സിർഫ് ഏക് ജാങ്കി ഹേ, കാശി മഥുര ബാക്കി ഹേ' എന്ന ആവർത്തിച്ചുള്ള ആക്രമണാത്മക മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുകയാണ് സംഘ് ബ്രിഗേഡ്. സുപ്രീം കോടതി ഇടപെട്ട് ഈ ഗൂഢാലോചന പരാജയപ്പെടുത്തണം. ഗ്യാൻവാപിയെ തകർക്കാനുള്ള ബിജെപിയുടെ ശ്രമത്തിനെതിരെ സമാധാനപ്രിയരായ എല്ലാ ഇന്ത്യക്കാരും ഒറ്റക്കെട്ടായി ഉറച്ചുനിൽക്കണമെന്നും ദീപങ്കർ ഭട്ടാചാര്യ ആവശ്യപ്പെട്ടു.
''അവശ്യസാധനങ്ങളുടെ വിലകൾ ആകാശം മുട്ടെ കുതിച്ചുയരുകയാണ്, സമ്പദ് വ്യവസ്ഥയും ഭീഷണി നേരിടുന്നു, ഭൂരിപക്ഷം ഇന്ത്യക്കാരും തങ്ങളുടെ ജോലി, ഉപജീവനമാർഗം, പാർപ്പിടം, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവയെക്കുറിച്ച് ആശങ്കാകുലരാണ്. മോദി സർക്കാർ ഈ പ്രതിസന്ധിക്ക് ഒരു പരിഹാരവും വാഗ്ദാനം ചെയ്യുന്നില്ല, ജനങ്ങൾക്ക് ആശ്വാസമില്ല, വൈവിധ്യവും ഐക്യവുമാണ് ഇന്ത്യയുടെ ശക്തി. മുസ്ലീം സമുദായത്തിന്റെ മതപരമായ അവകാശത്തിനും പൈതൃകത്തിനും നേരെയുള്ള പ്രഹരമല്ലയിത്, മറിച്ച് അത് ഇന്ത്യയുടെ പൈതൃകത്തിനും ആത്മാവിനും നേരെയുള്ള ആക്രമണമാണ്''- ദീപങ്കർ ഭട്ടാചാര്യ പറഞ്ഞു.